കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ നിഷേധിക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ പെരിങ്ങോട്ടുകര നമ്പാനത്ത് വീട്ടില്‍ എന്‍.ആര്‍. നാരായണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരന് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കി.
1944 ജൂലായ് 19 ന് ഇന്ത്യന്‍ റോയല്‍ നേവിയില്‍ ജോലിയില്‍ പ്രവേശിച്ച ഹര്‍ജിക്കാരനെ റോയല്‍ നേവിയിലെ ലഹളയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 1946 ആഗസ്റ്റ് 23 ന് സര്‍വീസില്‍ നിന്ന് പുറത്താക്കി. 1999 ല്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന് സംസ്ഥാന സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരപെന്‍ഷന്‍ അനുവദിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷനു വേണ്ടി രേഖകള്‍ സഹിതം അപേക്ഷിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ പരിഗണിച്ച് സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ സംസ്ഥാന പൊതു ഭരണ വകുപ്പ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ലഹളയില്‍ പങ്കെടുത്തെന്ന് തെളിയിക്കാന്‍ മതിയായ രേഖകളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതു നിമിത്തം കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ നിരസിച്ചു. തുടര്‍ന്നാണ് നാരായണന്‍ വീണ്ടും ഹൈക്കോടതിയിലെത്തിയത്.
















