കൊച്ചി: സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളല്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവയ്‌ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഫിലിയേഷന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആരോഗ്യ സര്‍വകലാശാലയുടെ ചട്ടങ്ങളിലോ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ നിയമത്തിലോ പറഞ്ഞിട്ടില്ലെന്നു കോടതി പറഞ്ഞൂ.
സര്‍വകലാശാലകള്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. എന്നാല്‍ സര്‍ക്കാരിന്റെ ആജ്ഞയ്‌ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ചിന്തയിലാണ് സര്‍വകലാശാലകളെന്നു കോടതി കുറ്റപ്പെടുത്തി. ഏന്തടിസ്ഥാനത്തിലാണ് സര്‍വകലാശാല ഇങ്ങനെ ചിന്തിക്കുന്നതെന്നു മനസിലാകുന്നില്ല. സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയിലാണ് പലപ്പോഴും എന്‍ഒസി ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു കാര്യത്തിലും സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ തേടരുതെന്നല്ല ഇതിനര്‍ത്ഥമെന്നും ഉത്തരവ് പറയുന്നു.
ചട്ടമനുസരിച്ചുള്ള ആധികാരിക നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാന്‍ ബാദ്ധ്യതയുണ്ടെന്ന് സര്‍വകലാശാല ചിന്തിക്കരുത്. അഫിലിയേഷന്‍ തേടിയുള്ള സ്വാശ്രയ കോളജുകളുടെ അപേക്ഷയില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കാനുള്ള ബാദ്ധ്യത സര്‍വകലാശാലയ്‌ക്കില്ല. മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം അനാവശ്യവും യുക്തിക്ക് നിരക്കാത്തതുമാണ്.
സ്വാശ്രയ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ എന്‍ഒസി വേണമെന്ന് സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിച്ചതിനെതിരെ തൃശൂരിലെ തലക്കോട്ടുകര വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
















