പുനര്‍ജ്ജനി തേടുന്ന കരുവന്നൂര്‍ പുത്തന്‍തോട്. ഉള്‍ച്ചിത്രത്തില്‍ സിബിന്‍രാജ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കരുവന്നൂര്‍ സ്വദേശി കണ്ണോളിവീട്ടില്‍ രാജന്‍ മകന്‍ സിബിന്‍രാജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 30 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാരിനറെ പ്രശ്‌നപരിഹാര സെല്‍ ഇടപെട്ട് പുത്തന്‍തോട് കടന്നുപോകുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാറളം, കാട്ടൂര്‍, പറപ്പൂക്കര, എടത്തിരുത്തി, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ല കളക്ടര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നോട്ടീസ് അയച്ചു.
പരാതിക്കാരനായ സിബിന്‍രാജിനും പിഎംഓയില്‍ നിന്നും കേരള ഗവര്‍മെന്റ് പ്രശ്‌നപരിഹാര സെല്ലില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടുണ്ട്. പുത്തന്‍തോടിന്റെ ഭൂരിഭാഗവും ഇരിങ്ങാലക്കുട നഗരസഭയുടെ പരിധിയിലായതിനാല്‍ നഗരസഭയാണ് പ്രധാനമായും പുത്തന്‍തോടിന്റെ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടതെന്നും നോട്ടീസില്‍ പറയുന്നു.
കരുവന്നൂര്‍ പുഴയുടെ തെക്കുഭാഗത്തുള്ള പുത്തന്‍തോട് വരണ്ട് കാടുകയറി കിടക്കുകയാണ്. വിവിധ പഞ്ചായത്തുകളിലൂടെ പോകുന്ന തോടിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ജനം ആശ്രയിക്കുന്നത് ഈ തോടിനെയാണ്. എന്നാല്‍ വെള്ളം വറ്റിയതോടെ പൊറിത്തിശ്ശേരി, പറപ്പൂക്കര, കാട്ടൂര്‍, എടത്തിരുത്തി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിവെള്ള ലഭ്യതയും കുറഞ്ഞു. കരുവന്നൂര്‍ പുഴയില്‍ നിന്നുളള നീരൊഴുക്ക് തടഞ്ഞതാണ് കെഎല്‍ഡിസി കനാലില്‍ വെള്ളം വറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും പുത്തന്‍തോടിന്റെ വീതി ആഴവും കൂട്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
എന്നാല്‍ പിന്നീട് ഇത് സംരക്ഷിക്കുന്നതിനോ പരിപാലിക്കുന്നതിനോ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കനാലിന്റെ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വവും ഫണ്ടും കൃഷിവകുപ്പിനും കെഎല്‍ഡിസിക്കുമാണ്.
പുത്തന്‍തോട് വൃത്തിയാക്കി ഇരുഭാഗത്തും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കമെന്നാവശ്യപ്പെട്ട് നാട്ടുകാരും സംഘടനകളും പലവട്ടം സര്‍ക്കാരിന്റെ വകുപ്പുകളിലേക്ക് പലവട്ടം പരാതികളയച്ചിട്ടും അധികൃതര്‍ അനങ്ങാപാറനയം സ്വീകരിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി അയച്ചതെന്ന്് പരാതിക്കാരനായ സിബിന്‍രാജ് പറഞ്ഞു.
















