കണ്ണൂര്‍: ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം നല്‍കാനുള്ള പദ്ധതി പിന്നില്‍ പ്രവര്‍ത്തിച്ചത് കൈത്തറി തൊഴിലാളികളും ജില്ലയിലെ സഹകരണ സംഘങ്ങളും. 218919 മീറ്റര്‍ ഷര്‍ട്ടിങ്ങ് തുണിയും 82043 മീറ്റര്‍ സ്യൂട്ടിങ്ങ് തുണിയുമായി ആകെ 300962 മീറ്ററാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളിലെ 823 ഉം ഹാന്‍വീവിന്റെ 250 ഓളവും തറികളിലായി 1100 ഓളം തൊഴിലാളികളാണ് യൂനിഫോം തുണി നെയ്തത്. 2017 ജനവരി ഒന്നു മുതല്‍ മാര്‍ച്ച് 18 വരെ പണിയെടുത്താണ് തൊഴിലാളികള്‍ ലക്ഷ്യം കൈവരിച്ചത്. കൂടുതല്‍ നെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി പ്രത്യേക സാമ്പത്തിക സഹായം ഏര്‍പ്പെടുത്തി. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ തുണി നെയ്തയാളെ വീവര്‍ ഓഫ് ദ വീക്ക് ആയി തെരഞ്ഞെടുത്ത് 500 രൂപ വീതം ഇന്‍സന്റീവ് സമ്മാനിച്ചു. നിശ്ചിത അളവില്‍ കൂടുതല്‍ നെയ്ത തൊഴിലാളികള്‍ക്ക് കൂലിക്ക് പുറമെ 1000 രൂപയും നല്‍കി. ആകെ 2.5 ലക്ഷം രൂപയാണ് ഇങ്ങനെ ഇന്‍സെന്റീവായി ജില്ലയില്‍ നല്‍കിയത്. ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കമ്മിറ്റി നേരിട്ടാണ് ഈ തുക നല്‍കിയത്.
തുണിയുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ കര്‍ശന പരിശോധന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഹാന്‍വീവിന്‍െയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയിലെയും ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സംഘങ്ങളിലെത്തി ഗുണനിലവാരം പരിശോധിച്ചു. തുടര്‍ന്ന് കേന്ദ്ര സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയും തുണിയുടെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തി. തുണി നെയ്യാനാവശ്യമായ നൂല്‍ കൈത്തറി സംഘങ്ങള്‍ക്ക് സര്‍കാര്‍ മുന്‍കൂര്‍ നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് കൂലി ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയത്.
















