പള്ളുരുത്തി: പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിനു മുന്നോടിയായി നടന്ന യൂണിഫോം മാറ്റം രക്ഷാകര്‍ത്താക്കള്‍ക്ക് ഇരുട്ടടിയാകുന്നു. പ്രൈമറി സ്‌ക്കൂള്‍ മുതല്‍ ഹൈസ്‌ക്കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നടങ്കം വരുത്തിയ യൂണിഫോം മാറ്റമാണ് രക്ഷാകര്‍ത്താക്കള്‍ക്ക് അധികഭാരമായി മാറിയത്.
പുതുതായി ചുമതലയേറ്റെടുത്ത പ്രധാന അദ്ധ്യാപികയുടെ കണ്ടുപിടിത്തമാണ് ഇതിനു പിന്നില്‍. രണ്ടു ജോഡി യൂണിഫോം നിര്‍ബ്ബന്ധമായി അടിച്ചേല്‍പ്പിക്കുമ്പോള്‍ രണ്ടായിരം മുതല്‍ മേലോട്ടാണ് വില ഈടാക്കിയിരിക്കുന്നത്. സ്വകാര്യ ഏജന്‍സിക്കാണ് യൂണീഫോം വിതരണത്തിന്റെ പൂര്‍ണ്ണ ചുമതലനല്‍കിയിരിക്കുന്നത്.
മതസ്ഥാപനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനത്തെ ചോദ്യം ചെയ്തവരോട് ടിസി വാങ്ങി പോകാന്‍ പറഞ്ഞതായും പരാതിയുയര്‍ന്നിട്ടുണ്ട്. നിലവിലെ യൂണിഫോമിനെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ഇല്ലായിരുന്നിട്ടും മുന്നറിയിപ്പില്ലാതെ മാറ്റം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. സ്‌കൂള്‍ മാന്വല്‍ അനുസരിച്ച് മാനേജ്‌മെന്റ് തീരുമാനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷനും, വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് രക്ഷാകര്‍ത്താക്കള്‍.
















