ലണ്ടന്‍: സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ദ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ് (സിഐഇഎസ്) തെരഞ്ഞെടുത്ത യൂറോപ്യന്‍ ഇലവനില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസിയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും. യൂറോപ്പിലെ പ്രമുഖമായ അഞ്ച് ലീഗുകളെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
മുന്നേറ്റ നിരയിലാണ് മെസിയുടെയും റൊണാള്‍ഡൊയുടെയും സ്ഥാനം. 4-3-3 ശൈലിയിലുള്ള ടീമില്‍ ഇറ്റാലിയിലെ നെപ്പോളിയുടെ ഡ്രൈസ് മെര്‍ട്ടന്‍സ് സെന്‍ട്രല്‍ ഫോര്‍വേഡായി എത്തും. മെസി വലതും ക്രിസ്റ്റ്യാനൊ ഇടത്തുമാണ് കളിക്കുക. ബയേണ്‍ മ്യൂണിച്ചിന്റെ തിയാഗൊ അല്‍ക്കാന്തര, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, ജര്‍മന്‍ ടീം ലെയ്‌പ്‌സിഗിന്റെ നാബി കെയ്ത എന്നിവര്‍ മധ്യനിരയില്‍.
ബയേണ്‍ താരങ്ങള്‍ ജാവി മാര്‍ട്ടിനെസും മാറ്റ് ഹമ്മല്‍സും സെന്റര്‍ ബാക്ക് സ്ഥാനത്ത്. യുവന്റസിന്റെ അലെക്‌സ് സാന്ദ്രൊയും റോമയുടെ ബ്രൂണൊ പെരസും വിങ് ബാക്കുകള്‍. ബയേണിന്റെ മാനുവല്‍ ന്യൂയറാണ് വല കാക്കുന്നത്.
















