ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ താരവസന്തങ്ങളിലൊരാളായ വെയ്ന്‍ റൂണിയുടെ ക്ലബ് കരിയറില്‍ കരിനിഴല്‍. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇംഗ്ലീഷ് നായകന് സ്ഥാനമുറപ്പില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍. കളത്തിലെ കളിയില്ലായ്‌മയ്‌ക്കു പുറമെ കളത്തിനു പുറത്തെ വികൃതികളും റൂണിയില്‍ പരിശീലകന്റെ താത്പര്യം കുറയ്‌ക്കുന്നു.
ഹോസെ മൗറീഞ്ഞൊ പരിശീലക ചുമതലയുമായി ഓള്‍ഡ്ട്രാഫോഡില്‍ എത്തുമ്പോള്‍ റൂണിയിലായിരുന്നു പ്രതീക്ഷ. ഈ മുന്നേറ്റനിരക്കാരനെ വിശ്വസിച്ച് പല തന്ത്രങ്ങളും മൗറീഞ്ഞൊ ആസൂത്രണം ചെയ്തു. എന്നാല്‍, എല്ലാം വിഫലമായി. ഇതുവരെ ലീഗില്‍ അഞ്ചു ഗോളുകളാണ് റൂണി നേടിയത്. ചലിപ്പോള്‍ രക്ഷകവേഷത്തില്‍ അവതരിക്കുമെങ്കിലും സ്ഥിരത പുലര്‍ത്താനാകുന്നില്ല.
ടോട്ടനത്തോട് തോറ്റ കഴിഞ്ഞ കളിയില്‍ ആശ്വാസമായത് റൂണിയുടെ ഗോള്‍. എന്നാല്‍, ഹാരി കെയ്ന്‍, ഡെലെ അലി, എറിക് ഡയര്‍ തുടങ്ങിയ ടോട്ടനത്തിന്റെ യുവതാരങ്ങളോട് കിടപിക്കാനായില്ല റൂണിക്ക്. അടുത്തയാഴ്ചത്തെ യുറോപ്പ ലീഗ് ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാംനിര ടീമിനെയാണ് മൗറീഞ്ഞൊ കളിപ്പിച്ചത്. രണ്ടാംനിര ടീമിലേ സ്ഥാനമുറപ്പുള്ളൂയെന്ന് റൂണിയോട് പറയാതെ പറയുന്നു പരിശീലകന്‍.
2011ല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം ലോകത്തെ മികച്ച ഫുട്‌ബോള്‍ താരമാകാനുള്ള പോരാട്ടത്തിനുണ്ടായിരുന്നു വെയ്ന്‍ റൂണി. 2017 എത്തുമ്പോള്‍ അവര്‍ ഇപ്പോഴും ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള താരങ്ങളായി വിലസുമ്പോള്‍, റൂണിയുടെ സ്ഥിതി ദയനീയം. ഓരോ വര്‍ഷവും പ്രകടന മികവ് കുറയുന്നു. ഈ വര്‍ഷം മുപ്പത്തിരണ്ടിലെത്തുമ്പോള്‍ പ്രായവും എതിര്.
കാസിനോകളിലെ ചൂതാട്ടമാണ് കളത്തിനു പുറത്ത് റൂണിയുടെ ദൗര്‍ബല്യം. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ കാസിനോയില്‍ നഷ്ടപ്പെടുത്തിയത് അഞ്ചു ലക്ഷം പൗണ്ട് (4.13 കോടി രൂപ). 100 കോടിയിലധികം രൂപ വരുമാനമുള്ള താരത്തിന് ഇതു വലിയ തുകയല്ലെങ്കിലും, ഈ സ്വഭാവം വിമര്‍ശനത്തിനു കാരണമാകുന്നു. കളത്തേക്കാള്‍ പുറത്തെ കാര്യങ്ങളിലാണ് താത്പര്യമെന്നാണ് പ്രധാന പരാതി. അതിനിടെ, റൂണിയില്‍ ടീമിന് താത്പര്യം കുറയുന്നുവെന്ന് യുണൈറ്റഡ് ടീം ഫിസിയൊ താരത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ട്.
















