പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പിന്മാറി. ഇതിനു തൊട്ടുപിന്നാലെയെത്തുന്ന വിംബ്ള്‍ഡണില്‍ കളിക്കുന്നതിനാണ് പിന്മാറ്റമെന്ന് ഫെഡറര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ മാസം 28 മുതല്‍ ജൂണ്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍.
ഈ വര്‍ഷമാദ്യം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയ ഫെഡറര്‍ എട്ടാം വിംബ്ള്‍ഡണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. 2009ല്‍ പാരീസില്‍ ജേതാവായെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ വലിയ പ്രകടനത്തിനായിട്ടില്ല സ്വിസ് താരത്തിന്.
കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങള്‍ ഒഴിവാക്കി പുല്ല്, ഹാര്‍ഡ് കോര്‍ട്ടുകളില്‍ കളിക്കുകയാണ് ഉചിതമെന്ന് കരുതുന്നതായി ഫെഡറര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കളമിണ്‍ കോര്‍ട്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് സീസണിലെ മറ്റ് മത്സരങ്ങളെ ബാധിക്കുമെന്നും അതിനാലാണ് തീരുമാനമെന്നും ഫെഡറര്‍ പറഞ്ഞു. മാഡ്രിഡില്‍ കിരീടമുയര്‍ത്തി മുന്‍ ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ സീസണില്‍ തുടരെ മൂന്നാം കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റ് ജയിച്ചതിനു പിന്നാലെ ഫെഡററുടെ തീരുമാനം.
















