ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കൈയേറ്റക്കാരില്‍ നിന്നു പിടിച്ചെടുത്ത ഭൂമി വേലികെട്ടി സംരക്ഷിക്കാന്‍ പണമില്ലാതെ റവന്യൂ വകുപ്പ്.
മുന്നൂറേക്കറിലെ കൈയേറ്റം ഒഴിപ്പിച്ചിട്ട് ഒരുമാസമാകാറായിട്ടും വേലികെട്ടാന്‍ കഴിഞ്ഞിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം പാപ്പാത്തിച്ചോലയില്‍ മരക്കുരിശ് സ്ഥാപിക്കുകയും ശാന്തന്‍പാറ പോലീസ് ഇത് നീക്കം ചെയ്യുകയുമായിരുന്നു.
വീണ്ടും കുരിശ് സ്ഥാപിക്കാന്‍ സാഹചര്യമുള്ളതിനാല്‍ ഇപ്പോള്‍ അഞ്ച് പോലീസുകാരെ പാപ്പാത്തിച്ചോലയില്‍ നിയോഗിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി വേലികെട്ടി സംരക്ഷിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായാല്‍ വെയിലും മഞ്ഞുമേറ്റ് കഴിയുന്ന പോലീസുകാര്‍ക്ക് മറ്റ് ജോലികളിലേര്‍പ്പെടാമായിരുന്നു. തുടര്‍ന്നുള്ള കൈയേറ്റം ഒഴിപ്പിക്കലിനും വാഹനം ഓടുന്നതിനുമുള്ള തുക ആര് നല്‍കുമെന്ന് റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല.
കാല്‍ ലക്ഷം കടം നല്‍കിയില്ല
ഇടുക്കി: പാപ്പാത്തിച്ചോല കൈയേറ്റം ഒഴിപ്പിക്കലിന് ചെലവായ തുക ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാന്‍ ഇതുവരെ ജില്ലാഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാല്‍ ലക്ഷത്തോളം രൂപയാണ് കൈയേറ്റഭൂമിയിലെ കുരിശ് നീക്കി വസ്തു ഒഴിപ്പിക്കാന്‍ ചെലവായത്.
മുന്നൂറ് ഏക്കറിലധികം ഭൂമിയാണ് വീണ്ടെടുത്തത്. ജെസിബി, ജീപ്പ്, ഉദ്യോഗസ്ഥരുടെ ആഹാരം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകളാണ് ജില്ലാഭരണകൂടം ഇതുവരെയായിട്ടും അനുവദിച്ച് നല്‍കാത്തത്. മൊത്തം 25000 രൂപയാണ് ചെലവായത്.
കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് കളവാണ് എന്നതിന് തെളിവാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നേരിടുന്ന ദുരവസ്ഥ.
സര്‍ക്കാരിന്റെ ഭൂമി, കൈയേറ്റക്കാരില്‍ നിന്നു വീണ്ടെടുക്കാന്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റ് കാലിയാകുന്ന സ്ഥിതി സര്‍ക്കാരിന് തന്നെ അപമാനമാണ്. ഭാവിയില്‍ കൈയേറ്റം ഒഴിപ്പിക്കലിന് തടസ്സമാകുന്നതും സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളാണ്. ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ ചുമതലയേറ്റ അവസരത്തില്‍ റവന്യൂ വകുപ്പിന് ജെസിബിയും പിക്ക് അപ്പ് വാനും വാങ്ങണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍കാട്ടി ജില്ലാഭരണകൂടത്തിന് കത്ത് നല്‍കിയിരുന്നു. ഇതുവരെ നടപടിയുണ്ടായില്ല.
















