തിരുവനന്തപുരം: വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കമ്പ്യൂട്ടര്‍ ശൃംഖലയിലെ സുരക്ഷ ശക്തമാക്കി.എല്ലാ വകുപ്പിലെയും കമ്പ്യൂട്ടറുകളിലെ ഓപറേറ്റിങ് സിസ്റ്റമടക്കം തിങ്കളാഴ്ചതന്നെ അപ്‌ഡേഷനുകള്‍ പൂര്‍ത്തിയാക്കി.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഐ.ടി. വിഭാഗം എന്‍ജിനീയര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സൈബര്‍ ആക്രമണം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മെയിലുകളിലടക്കം സൂക്ഷ്മത പുലര്‍ത്താന്‍ മറ്റ് ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ക്കു മുമ്പുതന്നെ സൈബര്‍ കുറ്റവാളികള്‍ റാന്‍സംവേര്‍ ആക്രമണം തുടങ്ങിയിരുന്നതായി കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സൈബര്‍ഡോമില്‍ റാന്‍സംവേര്‍ സ്‌കൂള്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നിരീക്ഷണങ്ങള്‍ നടത്താന്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
പുതിയ പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ സൈബര്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍ രൂപവത്കരിക്കുന്നത് പരിഗണിക്കും. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികള്‍ സജ്ജമാക്കുന്ന സുരക്ഷാസെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
















