കൊച്ചി: ഫിഫ അണ്ടര്‍17 ലോകകപ്പ് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു വേദികളില്‍ ചെയ്ത വേഗത്തില്‍ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആ കുറവ് കൊച്ചിക്കുണ്ടെന്നും കായിക മന്ത്രി എ.സി മൊയ്തീന്‍. മോശം തയ്യാറെടുപ്പല്ല കൊച്ചിയുടേതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആശങ്കയുണ്ടെന്ന് കരുതുന്നില്ല, നിശ്ചയിച്ച രീതിയില്‍ എല്ലാ പ്രവൃത്തികളും ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആശങ്കയുണ്ടായിരുന്ന ഫയര്‍ ആന്റ് സേഫ്റ്റി, എയര്‍ കണ്ടീഷന്‍ പ്രവൃത്തികളെല്ലാം തീര്‍ക്കാനായിട്ടുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാവും.
30 വരെ സമയം നീട്ടിനല്‍കിയ പ്രവൃത്തികളും നിശ്ചിത സമയത്ത് തന്നെ തീര്‍ക്കും. സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. അത് കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും കരാറുകാരും ടീമായാണ് പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുന്നത്.
എന്തെങ്കിലും തടസമുണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല, ശുഭാപ്തി വിശ്വാസമുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് നഗരത്തിലെ സൗന്ദര്യവത്ക്കരണ പദ്ധതികള്‍ കോര്‍പറേഷനുമായി സഹകരിച്ച് ആവശ്യത്തിന് ഫണ്ട് നല്‍കി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
















