ആലപ്പുഴ: ഈ മാസം 20 മുതല്‍ 31 വരെ ആലപ്പുഴയില്‍ നടക്കുന്ന കുടുംബശ്രീ 19-ാം സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി. 17ന് കാവാലത്ത് വനിതകള്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിക്കും. മേയ് 19ന് ആലപ്പുഴ പട്ടണത്തില്‍ 250 വനിതകള്‍ പങ്കെടുക്കുന്ന ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും.
28ന് ഒരു ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന മഹാസംഗമം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 20, 21 തീയതികളില്‍ എസ്‌കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്ലീനത്തില്‍ പങ്കെടുക്കുന്ന 1500 പേര്‍ക്കുള്ള രണ്ടു ദിവസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ജില്ലയിലെ 80 സിഡിഎസ്സുകളില്‍ നിന്നും ശേഖരിക്കും. 24 മുതല്‍ 31 വരെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ സംസ്ഥാനത്തെ വിവിധ സംരംഭക ഗ്രൂപ്പുകളുടെ സ്റ്റാളുകള്‍ ഉണ്ടാകും.
ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, എംഇസിമാര്‍, കാസ് ടീം അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന 80 അംഗ സംഘമായിരിക്കും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുക. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനായും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
















