തിരുവനന്തപുരം: ഒരുവിഭാഗം പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ പലയിടത്തും ഇന്ധന വിതരണം തടസ്സപ്പെട്ടു. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു സമരം.
തിരുവനന്തപുരത്ത് സപ്ലൈകോ പമ്പുകള്‍ മാത്രമാണ് തുറന്നത്. ഈ പമ്പുകളുടെ മുന്നില്‍ അതി രാവിലെ മുതല്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ജില്ലയിലെ 145 പമ്പുകളില്‍ 80 എണ്ണവും പ്രവര്‍ത്തിച്ചില്ല.
കൊല്ലത്ത് പെട്രോള്‍ പമ്പുകള്‍ പൂട്ടിയിട്ടത് ജനങ്ങളെ വലച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളായ പുനലൂര്‍, പത്തനാപുരം, ഓച്ചിറ എന്നിവിടങ്ങളിലെ പതിനഞ്ചോളം പമ്പുകളാണ് അടച്ചിട്ടിരുന്നത്. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള തൊണ്ണൂറ് ശതമാനം പമ്പുകളും തുറന്നുപ്രവര്‍ത്തിച്ചു. സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് രണ്ടുദിവസം മുമ്പ് അസോസിയേഷന്‍ പറഞ്ഞിരുന്നു. സംഘടനയില്‍ നിന്നു വിട്ടുനില്‍ക്കുന്ന വിഭാഗമാണ് പമ്പുകള്‍ അടച്ചിട്ടിരുന്നത്.
നഗരപ്രദേശങ്ങളില്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടില്ല.
പത്തനംതിട്ടയില്‍ ഒരു പമ്പും തുറന്നില്ല. സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്ന പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. ആലപ്പുഴ ജില്ലയില്‍ മൂന്നു പമ്പുകള്‍ മാത്രമാണ് തുറന്നത്.
















