കുണ്ടറ: പോലീസ് മര്‍ദ്ദനത്തില്‍ മൃതപ്രായനായി എയറോനോട്ടിക് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴിന് സമീപം പെരുക്കുഴിയില്‍ കല്ലുവിള വീട്ടില്‍ ഷംസുദ്ദീന്റെയും ഹസീനയുടെയും മകന്‍ ഹബീബ് മുഹമ്മദ് (19) ആണ് ചികിത്സയില്‍ കഴിയുന്നത്. മേയ് ഒന്നിനാണ് ഹബീബ് മുഹമ്മദിന്റെ ജീവിതം തകര്‍ന്ന സംഭവം. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരിചയപ്പെട്ട സ്വസമുദായത്തിലെ പെണ്‍കുട്ടിയുമായി അടുത്തിടപഴകിയതാണ് മര്‍ദനത്തിന് കാരണമായത്.
പെണ്‍കുട്ടിയുടെ ഉമ്മ ആശുപത്രിയില്‍ ചികിത്സയിലായ വേളയില്‍ സഹായഹസ്തവുമായി ഹബീബ് എത്തിയത് പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിന് സഹിച്ചില്ല. ഇരുവരും തമ്മില്‍ ഉള്ള സൗഹൃദത്തെ തെറ്റായി ധരിപ്പിച്ച് പെണ്‍കുട്ടിയുടെ ഉമ്മയെ കൊണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തന്റെ മകളുമായി ഹബീബ് കറങ്ങുന്നത് പരിചയക്കാരനായ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ വിനു രതീഷ് എന്ന പോലീസുകാരനെയണ് പെണ്‍കുട്ടിയുടെ ഉമ്മ അറിയിച്ചത്.
വിനുവും മറ്റ് പോലീസുകാരുമായി സിവില്‍ഡ്രസ്സില്‍ കാറിലെത്തി ഹബീബിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. കാറില്‍ ഇവര്‍ ഹബീബിനെ കൊടും മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം കഴക്കൂട്ടം സ്റ്റേഷനില്‍ എസ്‌ഐയ്‌ക്ക് മുമ്പിലിട്ടും ഭേദ്യം ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തത് പ്രശ്‌നമാണെന്ന് മനസ്സിലാക്കിയ സിപിഒ വിനുരാജീവ് തന്റെ പരിചയക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയുടെ കൈയ്യില്‍ നിന്ന് മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ പരാതി സംഘടിപ്പിച്ചു.
കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചുവെങ്കിലും അസുഖത്തെതുടര്‍ന്ന് കോടതിയില്‍ തളര്‍ന്നുവീണ ഹബീബിനെ അപസ്മാര രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാതാപിതാക്കളെ ഏല്‍പ്പിച്ച് പോലീസ് തടിതപ്പുകയായിരുന്നു. സംഭവങ്ങള്‍ വിശദികരിച്ച് ഇന്നലെ ഹബീബിന്റെ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
















