മലപ്പുറം: ശ്രീപുഷ്പക ബ്രാഹ്മണ സേവാ സംഘത്തിന്റെ 49-ാമത് ദേശീയ സമ്മേളനമായ സമഷ്ടി 2017ന് മലപ്പുറത്ത് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തില്‍ സംഘടനക്ക് വളരെ പ്രധാന്യമുണ്ട്. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം പോലെയുള്ള ചെറിയ സമൂഹത്തിന് ഒരുപാട് അവശതകളുണ്ട്. സമൂഹത്തില്‍ ഉയര്‍ന്ന സമുദായമായിട്ടും സാമ്പത്തിമായി പ്രാപ്തിയില്ല. കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എസ്പിഎസ്എസ് കേന്ദ്ര പ്രസിഡന്റ് ഡോ.പ്രദീപ് ജ്യോതി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സമുദായത്തില്‍ വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെ ആദരിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയും നടന്നു. തുടര്‍ന്ന് കുന്നുമ്മല്‍ എയുപി സ്കൂള്‍ പരിസരത്ത് തിരുവാതിര കളി, ബ്രാഹ്മണി പാട്ട് എന്നി കലാപരിപാടികള്‍ നടന്നു. ക്ഷേത്രത്തിലെ പൂജ നടത്തുന്നവരും പുഷ്പവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുമാണ് ശ്രീപുഷ്പക ബ്രാഹ്മണമാര്‍. മൂസത്, നമ്പീശന്, ഉണ്ണി, ചാക്യാര്‍, ഇളയത് തുടങ്ങിയ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഇന്ന് 11 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ആചാര്യ എം.ആര്. രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യോഗക്ഷേമസഭ, എമ്പ്രാന്തിരി സമാജം, കേരള ഗ്രാമീണ സഭ, മാധവ ബ്രഹ്മണ സഭ, ഉഡുപ്പി മാധ്യ ബ്രഹ്മണ സഭ, ശിവദ്വജ സഭ, മലയാള ബ്രഹ്മണ സഭ തുടങ്ങിയ സമുദായങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കേന്ദ്രപ്രതിനിധി സഭ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: