മലപ്പുറം: കാലവര്‍ഷം പാടിവാതില്‍ക്കലെത്തി. അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ രോഗാണുക്കളുമായി മഴയില്‍ ലയിക്കാന്‍ കാത്തിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ തലപൊക്കി തുടങ്ങി.
കാലവര്‍ഷം എത്തുന്നതോടെ കുടിവെള്ള പ്രശ്നം അവസാനിക്കുമെങ്കിലും, അതിലും ഭീകരമായ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. നഗരവീഥികള്‍ കീഴടക്കിയ മാലിന്യകൂമ്പാരം മഴവെള്ളത്തോടൊപ്പം ഒഴുകി നടക്കും. പലവിധ രോഗങ്ങള്‍ സമ്മാനിച്ചുകൊണ്ടാകും ഇവയുടെ ജൈത്രയാത്ര. ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം ചീഞ്ഞുനാറുകയാണ്. പൊന്നാനി, എടപ്പാള്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര, കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വലിയ മാലിന്യകൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
മഞ്ചേരി ജസീല ജംങ്ഷന് പരിസരത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ജംങ്ഷനു സമീപം ഒഴുകുന്ന ചെറിയതോട് നിലവില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അഴുകിയ ഭക്ഷണങ്ങള്‍, കോഴി മാലിന്യങ്ങള്‍ മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയാണ് നിറഞ്ഞിരിക്കുന്നത്.
മഞ്ചേരി നഗരസഭയില്‍ തെരുവുനായകളെ പിടികൂടി വന്ധീകരിക്കുന്ന നടപടികള്‍ നടന്നുവരുന്നുണ്ടങ്കിലും വിവിധ സ്ഥലങ്ങളില്‍ നിന്നും തെരുവുനായകള്‍ക്കു കടന്നുവരാനുള്ള അവസരമൊരുക്കുകയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
കൂടാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മാരകമായ രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.മാലിന്യ നിര്‍മാര്‍ജനത്തിനും, റീസൈക്ലിങിനും വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം മറികടന്നാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്.
പുഴകള്‍ സമൃദ്ധമായിരുന്ന കാലത്ത് മനുഷ്യന് വലിച്ചെറിഞ്ഞ പാഴ്വസ്തുക്കള് ഇന്ന് അവനെ നശിപ്പിക്കാനുള്ള ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: