ചാവക്കാട്: ജില്ലയുടെ തീരപ്രദശം ശക്തമായ കടല്‍ക്ഷോഭ ഭീഷണിയില്‍. കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലാണ് വേലിയേറ്റം മൂലം വീടും കൃഷിയും ഏറ്റവുമധികം നശിച്ചത്.
കടപ്പുറം പഞ്ചായത്തില്‍ ശക്തമായ വേലിയേറ്റമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെയും പത്തോളം വീടുകളിലേക്കും റോഡരികിലെ കടകളിലേക്കും വെള്ളം കയറി. അടിക്കടിയുണ്ടാവുന്ന അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. കടപ്പുറം മുനക്കകടവ് ,അഴിമുഖം, അഞ്ചങ്ങാടി വളവ് എന്നിവിടങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍ വെള്ളം നൂറു മീറ്ററോളം കയറിയത്.
പ്രധാന റോഡായ കോര്‍ണിഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. രാവിലെ 11ന് ആരംഭിച്ച വേലിയേറ്റം മണിക്കൂറുകളോളം നീണ്ടുനിന്നു. മുനക്കകടവ് പുതു ശങ്കരു, പീടിയേക്കല്‍ കൊച്ചുമോന്‍, പുളിക്കല്‍ അബു, കടവില്‍ മുഹമ്മദാലി, പടമാട്ടുമ്മല്‍ സത്യന്‍, പുതുവീട്ടില്‍ കബീര്‍, രായംമരയ്‌ക്കാര്‍ താഹിറ, പൊറ്റയില്‍ ബാബു, കടകത്ത് സരസ്വതി തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും, പറമ്പില്‍ കൂട്ടിയിട്ടിരുന്ന നൂറുകണക്കിന് തേങ്ങകളും വിറകുകളുമെല്ലാം കടലിലേക്ക് ഒലിച്ചുപോയി.
കടല്‍ഭിത്തി പൊളിഞ്ഞു പോയ ഭാഗങ്ങളിലൂടെയാണ് കടല്‍ വെള്ളം ശക്തമായി അടിച്ചുകയറിയത്. ഈ ഭാഗത്ത് കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ബ്ലാങ്ങാട് ബീച്ചിലും വേലിയേറ്റമുണ്ടായി. തഹഹില്‍ദാര്‍ എം.ബി.ഗിരീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രേംചന്ദ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഏത്തായ് ബീച്ചില്‍ ആഴ്ചകളോളമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കടലേറ്റം മൂലം നിരവധി വീടുകളിലേക്കും കടല്‍വെള്ളം കയറി. ആറോളം കുടുംബങ്ങള്‍ക്ക് ജീവിതം വന്‍ ദുരിതമായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: