കാന്‍ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഈ മാസം 26 വരെ നീണ്ട് നില്ക്കുന്ന ആഘോഷത്തിന്റെ രാപ്പകലുകള്‍. ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് പത്ത് ദിവസത്തോളം നീണ്ടു നില്ക്കുന്ന ഈ പ്രൗഢഗംഭീരമായ ചലച്ചിത്രമേള അരങ്ങേറുന്നത്. ഇത്തവണത്തെ കാന്‍ ചലച്ചിത്ര മേള ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാന്‍ ചലച്ചിത്രോത്സവത്തില്‍ അതിഥി രാജ്യമാണ് ഇന്ത്യ.
ഇന്ത്യ അഭ്രപാളിയില്‍ വിസ്മയം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നൂറ് വര്‍ഷം പിന്നിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് പരിഗണിച്ചാണ് കാന്‍ ചലച്ചിത്രോത്സവത്തില്‍ അതിഥി രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 1913 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ സംവിധാനം ചെയ്ത നിശബ്ദ ചിത്രം രാജാ ഹരിശ്ചന്ദ്രയിലൂടെയാണ് ഇന്ത്യ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ചത്. 40 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മെയ് മൂന്നിനാണ് ഔദ്യോഗികമായി റിലീസ് ചെയ്തതെങ്കിലും 1913 ഏപ്രില്‍ 21 ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈയിലെ കൊറോണേഷന്‍ തിയറ്ററിലാണ് ഈ ചിത്രം ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചത്.
1913 മുതല്‍ 2013 വരെയുള്ള ഇന്ത്യയുടെ സിനിമ ചരിത്രം പരിശോധിച്ചാല്‍ എത്രയെത്ര മാറ്റങ്ങളാണ് വന്നിരിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും സിനിമ ലോകത്തെ പരമോന്നത ബഹുമതികളില്‍ സുപ്രധാനമായ പല നേട്ടങ്ങളും കൈവരിക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ് എന്നതാണ് വാസ്തവം.
1946 ലാണ് കാന്‍ ചലച്ചിത്ര മേള ആരംഭിച്ചത്. ചേതന്‍ ആനന്ദ് സംവിധാനം നിര്‍വഹിച്ച നീച്ച നഗര്‍ എന്ന ചിത്രമാണ് ആദ്യമായി കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഇന്ത്യന്‍ സിനിമ. ആ വര്‍ഷം തന്നെ ഗ്രാനഡ് പിക്സ് അവാര്‍ഡ് ഈ ചിത്രത്തിന് ലഭിക്കുയുണ്ടായി. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1956 ലാണ് മറ്റൊരു ഇന്ത്യന്‍ ചിത്രം കാനിലെത്തുന്നത്. സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലിയായിരുന്നു ആ ചിത്രം. 1060 ല്‍ സത്യജിത് റായിയുടെ തന്നെ ‘ദേവി’ ഗോള്‍ഡന്‍ പാം പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
തുടര്‍ന്നിങ്ങോട്ട് കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യ സജീവ സാന്നിധ്യമായി മാറി. മലയാള ചലച്ചിത്രങ്ങളും മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുകയും പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 1982 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം പ്രദര്‍ശിപ്പിച്ചു. ഷാജി എന്‍ കരുണിന്റെ പിറവിയ്ക്ക് മികച്ച കാമറയ്ക്കുള്ള പുരസ്കാരം ലഭിച്ചത് 1989 ല്‍ ആണ്.
ഇത്തവണ നാല് ഇന്ത്യന്‍ ചലച്ചിത്രങ്ങളാണ് കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബോംബെ ടാക്കീസ്, അഗ്ലി, ധാബ, മണ്‍സൂണ്‍ ഷൂട്ടൗട്ട് എന്നീ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുക. ബാസ് ലൂബര്മാന്റെ ദ ഗ്രേറ്റ് ഗാറ്റ്സ്ബൈ ആയിരുന്നു ഉദ്ഘാടന ചിത്രം. അമിതാബ് ബച്ചന്റെ ആദ്യ ഹോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഗാറ്റ്സ്ബൈയ്ക്ക് ഉണ്ട്. അമിതാബ് ബച്ചന്റെ ഹിന്ദിയിലുള്ള സംഭാഷണത്തോടെയായിരുന്നു കാന്‍ ചലച്ചിത്ര മേളയ്ക്ക് വര്‍ണാഭമായ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബച്ചനും ലിയനാഡോ ഡികാപ്രിയോയും ചേര്‍ന്ന് മേള ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഒരു മലയാളിയുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമാണ് ഇത്തവണത്തെ കാന്‍ ഫെസ്റ്റിവല്‍. ബോളിവുഡ് നടിയും ദേശീയ പുരസ്കാരജേതാവുമായ വിദ്യാ ബാലനെ ജൂറി അംഗമായി തെരഞ്ഞെടുത്തിതിലൂടെ മലയാളിയ്ക്കും അഭിമാനിക്കാം. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍, ഓസ്കാര്‍ പുരസ്കാരം നേടിയ ലൈഫ് ഓഫ് പൈയുടെ സംവിധായകന് ആങ്ങ്ലിയും ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ നിക്കോള്‍ കിഡ്മാന്, ക്രിസ്റ്റോഫ് വാട്ട്സ്, ജാപ്പനീസ് സംവിധായകന് നവോമി കവാസെ, ബ്രിട്ടീഷ് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ലീനെ റാംസെ, ഫ്രഞ്ച് നടനും സംവിധായകനുമായ ഡാനിയേല്‍ ഔട്ടിലേല്, റൊമാനിയന്‍ സംവിധായകനും നിര്‍മാതാവുമായ ക്രിസ്റ്റന്‍ മുംഗിയൂ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍. സുവര്‍ണ ചകോരം നേടുന്ന ചിത്രം തെരഞ്ഞെടുക്കുന്നത് ഈ ജൂറിയായിരിക്കും. ഷോര്‍ട്ട് ഫിലിം ജൂറി വിഭാഗത്തില്‍ നന്ദിതാ ദാസും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നന്ദിത ജൂറിയില്‍ അംഗമാകുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇതിന് മുമ്പും പങ്കെടുത്തിട്ടുള്ള ഐശ്വര്യ റായ് ബച്ചന് ഇത്തവണ മകള്‍ ആരാധ്യ ബച്ചനൊപ്പമായിരിക്കും കാനിലെ ചുവപ്പ് പരവതാനിയില്‍ ചുവട് വയ്ക്കുക. സംവിധായകന് ജെറോം സല്ലെയുടെ സുലുവിന്റെ പ്രദര്‍ശനത്തോടെ മെയ് 26 നാണ് 66-ാം മത് കാന്‍ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴും.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: