തലക്കനവും ജാടയുമില്ലാതെ ഒരു കൊച്ചിക്കാരന് സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ പുറത്തിറങ്ങുന്ന പത്ത് ചിത്രങ്ങളെടുത്താല്‍ ഏഴെണ്ണത്തിലും ഈ താരമുണ്ട്. കലാഭവന്‍ ഹനീഫ് ഇന്ന് മലയാള സിനിമയുടെ ഭാഗ്യതാരകമായി മാറിയി മാറിയിരിക്കുകയാണ്. പറക്കും തളിക എന്ന ചിരിപ്പടം കണ്ട പ്രേക്ഷകരാരും ഹനീഫ് പറക്കും തളിക എന്ന ചിരിപ്പടം കണ്ട പ്രേക്ഷകരാരും ഹനീഫ് എന്ന നടനെ മറന്നിട്ടുണ്ടാവില്ല. ഹരിശ്രീ അശോകനും ദിലീപും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന കല്യാണ ചെറുക്കനെ ആര്‍ക്ക് മറക്കാന്‍ പറ്റും. പുതുതായി ഇറങ്ങുന്ന മലയാള ചിത്രങ്ങളില്‍ സംവിധായകന് ഹനീഫിനായി ഒരു റോള്‍ കരുതിവെച്ചിട്ടുണ്ടാകും. മാസത്തില്‍ ഒറ്റ ദിവസം പോലും ഹനീഫ് വെറുതെയിരിക്കുന്നില്ല. ഒരു സെറ്റില്‍നിന്ന് മറ്റൊരു സെറ്റിലേക്ക് ഓട്ടമാണ്.
1990 കളില്‍ ഇറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതിയാണ് ഹനീഫിന്റെ ആദ്യ മലയാള ചിത്രം. ഒരു പോലീസുകാരന്റെ വേഷത്തില്‍ അഭിനയിച്ച ഹനീഫിന്റെ ആദ്യ സീന്‍ ഒറ്റ ഷോട്ടില്‍ ഓകെയായി. ഒരു നടനെന്ന നിലയില്‍ ഹനീഫിന്റെ ജീവിതം ഇവിടെ തുടങ്ങുകയായിരുന്നു. ഹനീഫിന്റെ ഭാഷയില്‍ ഒരു സീനും അരസീനും ചെയ്യാന്‍ മലയാളത്തില്‍ ആരെങ്കിലും വേണ്ടേ. ഞാന്‍ ഇതില്‍ സംതൃപ്തനാണ്. ഹനീഫിന്റെ വിനയം നിറഞ്ഞ മറുപടിയില്‍ നഷ്ടബോധം ഒട്ടുമില്ല. ഞാന്‍ എവിടെ ചെന്നാലും ജനം തിരിച്ചറിയുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ മലയാളം എന്നെ അംഗീകരിച്ചതിന്റെ തെളിവ് അതുമാത്രമാണ്. നൂറുകണക്കിന് നടന്മാര് മിന്നിമറയുന്ന മലയാള സിനിമയില്‍ പ്രേക്ഷകര്‍ തന്നെയും ഓര്‍ക്കുന്നത് ഒരു ഭാഗ്യമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ എത്രയോ പേര് വന്നു, പോയി…… എന്നെ മലയാളം കൈവിട്ടിട്ടില്ല.
നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിന്റേത്. പിന്നീട് കലാഭവന്‍ കുടുംബത്തിലെത്തി. മിമിക്രി രംഗത്ത് സജീവമായി. താന്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളില്‍ ഒരു മിമിക്രി അവതരിപ്പിക്കാതെ ജനം സ്റ്റേജില്‍ നിന്നിറക്കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പാണ്ടിപ്പട എന്ന ചിത്രത്തിലെ ചിമ്പു എന്ന കഥാപാത്രമായി അഭിനയിച്ചശേഷം ഇന്നും എവിടെ ചെന്നാലും ജനം ചിമ്പുവെന്ന് വിളിച്ചാണ് സ്വീകരിക്കുന്നത്. അതൊരു മഹാഭാഗ്യമാണ്, ഒരു കഥാപാത്രം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുവെന്നതിന് ഇതിലും വലിയ തെളിവു വേണ്ടല്ലോ. കൊച്ചിയുടെ ഏതു വേദിയിലും ഹനീഫുണ്ട്. ഒന്നുകില്‍ അതിഥിയായി അല്ലെങ്കില്‍ പ്രേക്ഷകനായി. തന്റെ ബൈക്കിലൂടെ മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഒരു സാധാരണക്കാരനായി നമുക്ക് ഹനീഫിനെ കാണാന്‍ കഴിയും. ഒട്ടേറെ ടിവി സീരിയലുകളിലും ഹനീഫ് അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖരോടൊപ്പം പുതുതലമുറയിലെ ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി എന്നിവരോടൊപ്പവും വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചതായി ഹനീഫ് പറയുന്നു. ഇതുവരെ 150-ഓളം മലയാള പടങ്ങളിലും 60-ഓളം സീരിയലുകളിലും അഭിനയിച്ച ഹനീഫിന് പുതിയ ഒട്ടേറെ ചിത്രങ്ങളിലും അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പ്രമുഖ സംവിധായകര്‍ക്കും നായകര്‍ക്കുമൊപ്പം നിസ്സാരക്കാരനായ താന്‍ ഇവിടെ വരെ എത്തിയത് ഒരു ഭാഗ്യമായി അദ്ദേഹം കരുതുന്നു.
മലയാളത്തിലെ പൊന്നമ്പളിക്കലയായ ജഗതിച്ചേട്ടന് ഒരു സെറ്റില്‍ വെച്ച് തന്നെക്കുറിച്ച് പറഞ്ഞത് കാതില്‍ ഇന്നും ഒരംഗീകാരമായി മുഴുങ്ങുന്നുവെന്ന് ഹനീഫ് പറയുന്നു. മലയാള സിനിമയില്‍ എല്ലാറ്റിലുമുണ്ട്. എല്ലായിടത്തുമില്ല- ഇത് ആരാണെന്ന് പറയാമോ? ജഗതി ചോദിച്ചു. ആരും മിണ്ടാതിരുന്നപ്പോള്‍ ജഗതി ശ്രീകുമാര്‍ എഴുന്നേറ്റ് കെട്ടിപ്പിടിച്ച് തുടര്‍ന്നു. നീ രക്ഷപ്പെടും ഹനീഫേ… ഈ ഒരൊറ്റവാക്ക് തന്റെ ജീവിതത്തില്‍ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഹനീഫ് ഉറപ്പിച്ചു പറയുന്നു. മട്ടാഞ്ചേരി സ്വദേശി ഹംസയുടേയും സുബൈടയുടേയും മകനാണ് ഹനീഫ് വാഹിടയാണ് ഭാര്യ. മക്കള്‍: ഷാരൂഖ്, സിത്താര.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: