മിഥുനരാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വ, വ്യാഴം, ചന്ദ്രന് എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ ക്ലേശകാലവും മരണപ്രദവുമായിരിക്കും. ഇക്കാലത്ത് വിധി പ്രകാരമുള്ള ദോഷപരിഹാരങ്ങള്‍, മൃത്യുഞ്ജയമന്ത്രജപം, ഹോമം തുടങ്ങിയവ നടത്തേണ്ടതാണ്. മുന്‍പറഞ്ഞ ദശാകാലങ്ങളില്‍ അനിഷ്ടഗ്രഹങ്ങളുടെ അപഹാരകാലത്ത് അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും പതിവായി ഈശ്വരഭജനം നടത്തുകയും ചെയ്യേണ്ടതാണ്.
ഈ രാശിക്കാര്‍ ജീവിതത്തില്‍ മുടങ്ങാതെ ബുധപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ശ്രീകൃഷ്ണനെയോ രാമനെയോ നിത്യവും ഭജിക്കുക, പ്രസ്തുത ദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ ജന്മനക്ഷത്രം തോറും ദര്‍ശനം നടത്തുക, ശ്രീകൃഷ്ണന്റെയോ ബുധന്റെയോ അഷ്ടോത്തരശതം നിത്യവും ജപിക്കുക, ബുധനാഴ്ചവ്രതം അനുഷ്ഠിക്കുക തുടങ്ങിവയൊക്കെ ഇവര്‍ക്ക് ഉത്തമമാണ്.
സാമ്പത്തികമായ അഭിവൃദ്ധിക്ക് ഇവര്‍ ദുര്‍ഗ്ഗാദേവിയെ ഭജിക്കുന്നതും പൗര്‍ണമിതോറും ദുര്‍ഗാപൂജ നടത്തുന്നതും നന്നായിരിക്കും. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലെങ്കില്‍ ഭദ്രകാളിയെയാണ് ഇതിനായി ഭജിക്കേണ്ടത്. അമാവാസിദിനത്തില്‍ ഭദ്രകാളീപൂജ നടത്താവുന്നതാണ്. ഇവര്‍ ആദിത്യനെ ഭജിക്കുന്നതുമൂലം സഹോദരഗുണം, ധൈര്യം തുടങ്ങിയവ കൈവരുന്നു.
ശുക്രപ്രീതികരമായ കര്‍മ്മങ്ങള്‍, മഹാലക്ഷ്മീഭജനം തുടങ്ങിയവ നടത്തിയാല്‍ ദുരിതനിവാരണം, സന്താനസൗഖ്യം, മനഃസുഖം തുടങ്ങിയവയും സിദ്ധിക്കും. വിവാഹലബ്ധി, തൊഴില്‍പരമായ ഉന്നതി തുടങ്ങിവയ്ക്ക് വ്യാഴപ്രീതി, വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ സഹായിക്കും. ആയുര്ദ്ദോഷങ്ങളകറ്റുന്നതിനും ഭാഗ്യപുഷ്ടിക്കും ഇവര്‍ ശനിയാഴ്ചവ്രതമനുഷ്ഠിക്കുകയും ശാസ്താവിനെ ഭജിക്കുകയും വേണം.
പച്ചയാണ് ഇവര്‍ക്ക് ഏറ്റവും അനുകൂലമായ നിറം. യോഗകാരകനായ ശുക്രന്റെ നിറമായ വെള്ള, ശനിയുടെ നിറമായ കടുംനീല തുടങ്ങിയവയും പൊതുവെ അനുകൂലം തന്നെ. മരതകരത്നം ധരിക്കുന്നതിലൂടെ ഇവര്‍ക്ക് പൊതുവായ സുഖം, ആരോഗ്യം, മാതൃസുഖം, കുടുംബസുഖം, വാഹനലാഭം തുടങ്ങിയവയുണ്ടാകുന്നു. വജ്രം, ഇന്ദ്രനീലം എന്നിവയും ധരിക്കാവുന്നവയാണെങ്കിലും ചില പാര്‍ശ്വഫലങ്ങള്‍ വന്നേക്കാമെന്നതിനാല്‍ അവ പരീക്ഷിച്ചശേഷം ധരിക്കുക.
ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങള്‍ ഇവര്‍ക്ക് അനുകൂലങ്ങളായിരിക്കും. ഉത്രാടം അവസാന മൂന്നുപാദങ്ങള്‍, തിരുവോണം, അവിട്ടം ആദ്യപകുതി എന്നിവ മിഥുനം രാശിക്കാര്‍ക്ക് പ്രതികൂലങ്ങളായിരിക്കും.
ഡോ. ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: