അപകടത്തില്‍പ്പെട്ട കാര്‍
അരൂര്‍: അരൂര്‍ ക്ഷേത്രം കവലയില്‍ ബസ്സുകാത്തു നിന്നിരുന്ന പതിനാലു പേരെ നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇവരെ മരട് ലെയ്‌ക്ക്‌ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
സ്മിത (40), സരസു (61), സുനില്‍കുമാര്‍,പള്ളൂരുത്തി മുല്ലേപ്പറമ്പില്‍ ധന്യ (35),ഫോര്‍ട്ടുകൊച്ചി സ്വദേശി ജയലക്ഷമി (45),അരൂര്‍ സ്വദേശി കളായ വാസു (68), ബേബി വാസു (65), ബേബി ശ്രീഹരി(3), ബാബു കെ.ആര്‍.(36),രമ്യ (29), അജിതകുമാരി (55), പാലാരിവട്ടം സ്വദേശി സീമാ ബിജു (38),തേവര സ്വദേശി തമിഴ് സെല്‍വി (47), അബോധാവസ്ഥയിലുള്ള ഒരു സ്ത്രീ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തെക്കുനിന്ന് വടക്കോട്ട് പോകുകയായിരുന്ന കാര്‍ പഞ്ചായത്ത് ഓഫീസിനു തെക്കാഭാഗത്തുനിന്ന് നിയന്ത്രണം തെറ്റി നടപ്പാതയിലൂടെ പാഞ്ഞുവരുകയായിരുന്നു. ഇതു കണ്ടുനിന്ന നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഇത് അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കുറയുന്നതിന് ഇടയാക്കി.
വൈകുന്നേരമായതിനാല്‍ ക്ഷേത്രം കവലയില്‍ നല്ല തിരക്കുണ്ടായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാര്‍ ബസ്സ്‌സ്‌റ്റോപ്പില്‍ നിന്നവരെ ഇടിച്ചുവീഴ്‌ത്തി മുന്നോട്ടുനീങ്ങി കവലയിലെ സിഗ്നല്‍ മീഡിയത്തില്‍ ഇടിച്ചുനിന്നു.
ബസ്സ് കാത്തുനിന്നരെ കൂടാതെ ഒരു ബൈക്കും സ്‌ക്കൂട്ടറും കൂടി ഇടിച്ചു തെറിപ്പിച്ചു.തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍. അപകടത്തില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ്സ് സ്റ്റോപ്പില്‍ അപകടത്തിപ്പെട്ടവരുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ചക്കയും ചീരയും മധുരപലഹാരങ്ങളും വസ്ത്രങ്ങളും റോഡരികില്‍ ചിന്നിചിതറി കിടക്കുന്നുണ്ട്.
ഇത്രയും വലിയ അപകടം നടന്ന് മണിക്കുറുകള്‍ കഴിഞ്ഞിട്ടും തഹസീല്‍ദാരോ മറ്റ് അധിക്യതരോ എത്താത്തതില്‍ പ്രതിഷേധം ശക്തമാണ്. അപകടത്തേത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അരൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
















