പട്ടിക്കാട്: ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി വാണിയമ്പാറക്കും കൊമ്പഴയ്ക്കുമിടയില് റോഡിന്റെ നടുവില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടിയെടുത്ത കുഴിയില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ വീണു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.
കുഴിയില്‍ വീണുകിടുന്നിരുന്നവരില് ബൈക്കോടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതോടെയാണ് മുകളിലേക്ക് കയറിവന്ന് അതുവഴി വന്ന പോലീസിനോട് വിവരമറിയിച്ചത്.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കുഴിയില്‍ കിടന്നയാളെ പോലീസെത്തി ജീപ്പില്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി അമല്‍ ചികിത്സയിലാണ്. ബൈക്കോടിച്ചിരുന്ന നീരജ് എന്നയാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ കുഴിയില്‍ വീണു കിടന്നിരുന്ന മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നയാളെക്കുറിച്ച് വിവരമില്ല.
ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. പീച്ചി എഎസ്ഐ ഹരീന്ദ്രനും സംഘവും ഇതുവഴി വന്നപ്പോഴാണ് അപകടത്തില്‍ നിന്ന അത്ഭുതകരമായി രക്ഷപ്പെട്ട നീരജ് പോലീസിനെ തടഞ്ഞുനിര്‍ത്തി വിവരം പറയുന്നത്. തുടര്‍ന്ന് കുഴിയില്‍ കിടന്നിരുന്നയാളെ കയറ്റി ആശുപത്രിയിലെത്തിച്ചു.
തമിഴ്നാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ഇവര്‍ നേരെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗത്ത് കുഴിയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും റോഡ് നിര്‍മാണം നടത്തുന്ന കരാറുകാര്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. കൂടാതെ അര്‍ധരാത്രിയായതിനാല്‍ ബൈക്കോടിച്ചവര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വന്‍കുഴിയിലേക്ക് വീണ ഇവരില്‍ ഒരാള്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിനാലാണ് സംഭവം പുറത്തറിഞ്ഞത്.
ഈ ഭാഗത്ത് ടാറിംഗ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഗര്‍ത്തം ഉണ്ടായതിനെത്തുടര്‍ന്ന് എട്ടടിയോളം താഴ്ചയില്‍ കുഴിയെടുത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴിക്ക് സമീപം ഒരു സുരക്ഷാ ക്രമീകരണങ്ങളോ അപായ സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. നടുറോഡില്‍ ചതിക്കുഴി നിര്‍മ്മിച്ച് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്ന വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയപാത അധികാരികളും തയ്യാറാകുന്നില്ല.
പലരും ഭാഗ്യംകൊണ്ടാണ് കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടുപോകുന്നത്. അടുത്തുവരുമ്പോഴാണ് വന്‍കുഴി പലരുടേയും ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ രാത്രിയില്‍ കുഴി കാണാനാകില്ല.
മനുഷ്യജീവന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത കരാര്‍ കമ്പനി ജീവനക്കാരുടെ നിലപാടിനെതിരെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധത്തലാണ്. വാര്‍ഡ് മെമ്പര്‍ വിജയന്കുട്ടിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ പണികള്‍ തടയാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. അപകടത്തെ തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് എസ്ഐ ഇ. ബാബു പറഞ്ഞു.
















