മേലാറ്റൂര്‍: പോലീസുകാര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സില്‍ ഇപ്പോളുള്ളത് ഉഗ്രവിഷമുള്ള ഇഴജന്തുക്കള്‍. പാമ്പും പഴുതാരയും കയ്യടക്കിയ മേലാറ്റൂര്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പുതുക്കിപ്പണിയാത്തത് ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പലതും പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ജീവനക്കാര്‍ ഇവിടെ താമസിക്കാന്‍ കഴിയാതെ വാടക ക്വാര്‍ട്ടേഴ്സുകളെ അഭയം തേടുകയാണ്
പോലീസ് സ്റ്റേഷന് സമീപം ഒരേക്കര്‍ സ്ഥലത്താണ് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. എസ്ഐ, എഎസ്ഐ എന്നിവര്‍ക്ക് ഓരോ ക്വാര്‍ട്ടേഴ്സും മറ്റു പൊലീസുകാര്‍ക്കായി എട്ട് എണ്ണവുമാണ് ആകെയുള്ളത്. പല കെട്ടിടങ്ങളും പട്ടികയും കഴുക്കോലും ദ്രവിച്ച് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ട്രാന്‍സ്ഫറായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടുംബസമേതം താമസിക്കാന്‍ വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിടങ്ങള്‍ പണിതത്. എന്നാല്‍ യഥാവിധി അറ്റകുറ്റപ്പണി നടത്താത്തതുകാരണം കെട്ടിടങ്ങള്‍ നശിക്കുകയായിരുന്നു. ഇതിനോട് അനുബന്ധിച്ച് നിര്‍മിച്ച ചുറ്റുമതിലും പലയിടങ്ങളിലായി നശിച്ചിട്ടുണ്ട്.
ഒരു എസ്ഐ, രണ്ട് അഡീഷണല്‍ എസ്ഐമാര്‍, രണ്ട് എഎസ്ഐമാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 37 പേരാണ് ജീവനക്കാരാണ് മേലാറ്റൂര്‍ സ്റ്റേഷനിലുള്ളത്. ഇതില്‍ പകുതിയിലേറെപ്പേരും ദൂരസ്ഥലങ്ങളിലെ ഉദ്യോഗസ്ഥരാണ്.
ദ്രവിച്ചുവീഴാറായ കെട്ടിടങ്ങള്‍ ഇനി പുതുക്കിപ്പണിയുകതന്നെ വേണം. ഇതിന് ഭീമമായ ഫണ്ട് അനുവദിച്ചുകിട്ടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനം തുടരുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: