പൂക്കോട്ടുംപാടം: ജില്ലയില്‍ തന്നെ ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന അമരമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിസംഗത ചര്‍ച്ചയാകുന്നു. പൊതുജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും അധികൃതര്‍ മൗനം തുടരുകയാണ്. പുതിയ പദ്ധതികള്‍ക്കോ താല്‍ക്കാലിക ജലവിതരണത്തിനോ പഞ്ചായത്ത് മുന്‍കൈയെടുക്കുന്നില്ല.
പഞ്ചായത്തിലെ 19 വാര്‍ഡുകളിലും കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. അതിനിടെ അശാസ്ത്രീയമായ കുഴല്‍ നിര്‍മ്മാണം പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വേങ്ങാപ്പരത, തേള്‍പ്പാറ ഭാഗങ്ങളില്‍ നടക്കുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം മൂലം കിണറുകളിലെ വെള്ളം വറ്റുന്നതും സാധാരണ സംഭവമായിരിക്കുകയാണ്.
പരിധിയില്ലാത്ത രീതിയിലാണ് ഇവിടങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നത്. പ്രതിഷേധം ഒഴിവാക്കാന്‍ രാത്രി കാലങ്ങളിലാണ് ഇവിടങ്ങളില്കുഴല് കിണര്‍ നിര്‍മ്മാണം.
തേള്പ്പാറക്കടുത്ത് കല്‍ച്ചിറയില്‍ 500 മീറ്ററിനുള്ളില്‍ 14 കുഴല്‍ കിണര്‍ നിര്‍മ്മിച്ചത് കഴിഞ്ഞ വര്‍ഷം പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ കിണറുകളില്‍ പലതിലും ഈ വര്‍ഷം വെള്ളമില്ല എന്നതാണ് ശ്രദ്ധേയം.
കുഴല്‍ കിണറുകളുടെ നിര്‍മ്മാണത്തിന് പഞ്ചായത്തുകള്‍ക്ക് നിയന്ത്രണം വെക്കാമെന്നിരിക്കെ അമരമ്പലം ഗ്രാമപഞ്ചായത്ത് അതിലും മൗനം പാലിക്കുകയാണ്.
കാട്ടുനായ്ക്ക കോളനി ഉള്‍പ്പെടുന്ന പാട്ടക്കരിമ്പ് വാര്‍ഡില്‍ മാത്രം പതിനെട്ടോളം കിണറുകളും ഒരു കുഴല്‍ കിണറുമുണ്ട്. എന്നാല്‍ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഒരു കിണര്‍ മാത്രമാണൂള്ളത്. മറ്റു വാര്‍ഡുകളിലും അവസ്ഥ വ്യത്യസ്തമല്ല. ഇതുകൊണ്ട് തന്നെ ഈ കിണറുകളൊന്നും തന്നെ പുനരുദ്ധരിക്കാനാവാത്ത അവസ്ഥയിലാണ്. ഇവ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയൊന്നും പഞ്ചായത്ത് ഇതുവരെ കൈകൊണ്ടിട്ടില്ല.
പഞ്ചായത്തിലെ പൊതുകുളങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയും പഞ്ചായത്ത് കൈക്കൊണ്ടിട്ടില്ല. സമീപപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കുടിവെള്ളമെങ്കിലും ടാങ്കറുകളിലും മറ്റും ലഭ്യമാകുമ്പോഴും അമരമ്പലം ഗ്രാമപഞ്ചായത്തില്‍ മാത്രം യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചില യുവജന സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത്. വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ ഇതും ലഭ്യമാകുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: