മാഡ്രിഡ്: നാട്ടുപോരിന്റെ ചൂടും ചൂരുമായി വിന്‍സന്റ് കാല്ഡറോണ് അണിഞ്ഞൊരുങ്ങുമ്പോള്‍ ചോദ്യം ഒന്നുമാത്രം. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിനു തടയിടാന്‍ അത്ലറ്റികോ മാഡ്രിഡിനാകുമോ? കഴിഞ്ഞ നാലു വര്‍ഷവും ഫൈനലിലടക്കം റയലിന്റെ ആഢ്യത്വത്തോട് പൊരുതി വീണ അത്ലറ്റികോയ്ക്ക് സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്ക്കാനൊരവസരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം പാദ സെമിയില്‍ ഇന്നു രാത്രി 12.15ന് റയലും അത്ലറ്റികോയും നേര്‍ക്കുനേര്‍ എത്തുന്നു.
സിനദിന്‍ സിദാനു കീഴില്‍ വര്‍ധിത വീര്യത്തോടെ പൊരുതുന്ന റയലിനു തന്നെ ഡീഗോ സിമിയോണിയുടെ അത്ലറ്റികോയ്ക്കു മേല്‍ വ്യക്തമായ മുന്‍തൂക്കം. മുന്നേറ്റനിരയിലെ മധ്യഭാഗത്തേക്ക് സ്ഥാനം മാറിയെത്തുന്ന പോര്‍ച്ചുഗല്‍ നക്ഷത്ര താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഗോളടി മികവാണ് ബെര്‍ണാബുവിലെ ആദ്യ പാദത്തില്‍ റയലിന് എതിരില്ലാത്ത മൂന്നു ഗോള്‍ ജയം സമ്മാനിച്ചത്. ക്രിസ്റ്റ്യാനൊ ഹാട്രിക്കുമായി മിന്നിത്തിളങ്ങി.
പ്രതിരോധിക്കുന്നതില്‍ കടുപ്പക്കാരായ അത്ലറ്റികോയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു റോണൊയുടെ ഗോള്‍വേട്ട. ഇസ്കൊയും മോഡ്രിച്ചും കളം നിറഞ്ഞപ്പോള്‍, വേട്ടപ്പുലിയുടെ ശൗര്യത്തോടെ അത്ലറ്റികോയുടെ പ്രദേശത്ത് കണ്ണുംനട്ടിരുന്ന ക്രിസ്റ്റ്യാനൊ റയലിന് മാനസികമായി മുന്‍തൂക്കം നല്കി. റയലിനെതിരെ എന്നും കടുത്ത പോരാട്ടം ശീലമാക്കിയ അത്ലറ്റികോയ്ക്ക് ഇത്തവണ തുടക്കം പിഴച്ചു.
തട്ടകത്തില്‍ നാലു ഗോള്‍ തിരിച്ചടിച്ചു വേണം അത്ലറ്റികോയ്ക്ക് കണക്കുതീര്‍ക്കാന്‍. അന്റണിയൊ ഗ്രീസ്മന് എന്ന ഫ്രഞ്ച് മുന്നേറ്റനിരക്കാന്റെ ഗോളടി മികവ് അവരുടെ പ്രതീക്ഷ. പഴുതനുവദിക്കാതെ എതിരാളികളെ തടഞ്ഞുനിര്‍ത്തി, അവരുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ ചരിത്രം വഴിമാറും. സമീപകാലത്ത് ബാഴ്സലോണയ്ക്കു മാത്രം സ്വന്തമായ ചരിത്രം. ഇത്തവണത്തെ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ പാരീസ് സെന്റ് ജര്‍മനോട് 4-0ന് തോറ്റ ബാഴ്സ, നൗകാമ്പില്‍ കോട്ടം തീര്‍ത്ത് ജയിച്ചു കയറിയപ്പോള്‍ രചിച്ചത് പുതുചരിത്രം.
ചാമ്പ്യന്‍സ് ലീഗില്‍ റയലിനോട് ജയിക്കാനായിട്ടില്ലെന്ന നിരാശയുണ്ട് അത്ലറ്റികോയ്ക്ക്. മൂന്നില്‍ തോറ്റപ്പോള്‍, രണ്ടില്‍ സമനില. തുടരെ നാലാം വര്‍ഷമാണ് മാഡ്രിഡിലെ അയല്‍ക്കാര്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ മുഖാമുഖമെത്തുന്നത്. 2014ലെ ഫൈനലില്‍ 36ാം മിനിറ്റില്‍ ഡീഗൊ ഗോഡിനിലൂടെ മുന്നിലെത്തി കിരീടമുറപ്പിച്ച അത്ലറ്റികോയെ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സെര്‍ജിയൊ റാമോസ് പിടിച്ചു നിര്‍ത്തി. അധികസമയത്ത് ബെയ്ലും മാഴ്സലോയും ക്രിസ്റ്റ്യാനൊയും ലക്ഷ്യം കണ്ടപ്പോള്‍ അത്ലറ്റികോയ്ക്ക് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇരുപാദങ്ങളുമായി 1-0ന് ജയിച്ചു റയല്‍. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നിശ്ചിത സമയത്ത് 1-1ന് പിരിഞ്ഞ കളി ഷൂട്ടൗട്ടില്‍ 5-3ന് റയല്‍ സ്വന്തമാക്കി.
ആദ്യപാദത്തിലേതു പോലെ 4-3-3 ശൈലിയിലാകും റയല്‍ കളത്തിലിറങ്ങുക. ശൈലീ വിന്യാസത്തില്‍ മാറ്റം വരുത്തില്ലെന്ന സൂചനയാണ് പരിശീലകന് സിനദിന്‍ സിദാന് നല്‍കിയത്. പരിക്കേറ്റ ബെയ്ല് കളിക്കാനിടയില്ല. ക്രിസ്റ്റ്യാനൊയ്ക്കും ബെന്സമയ്ക്കുമൊപ്പം ഇസ്കോയാകും മുന്നേറ്റത്തില്‍. ലൂക്ക മോഡ്രിച്ച്, കാസിമിറൊ, ടോണി ക്രൂസ് എന്നിവര്‍ മധ്യനിരയില്‍. ഡാനി കര്‍വാജല്‍, സെര്‍ജിയൊ റാമോസ്, റാഫേല്‍ വരാനെ, മാഴ്സലെ എന്നിവര്‍ പ്രതിരോധത്തിലും അണിനിരക്കും. വല കാക്കാന്‍ കെയ്ലര് നവാസ്.
അത്ലറ്റികോയ്ക്ക് പ്രിയം 4-4-2 ശൈലി. അന്റോണിയൊ ഗ്രീസ്മന്നും കെവിന് ഗമെയ്റൊയുമാകും മുന്നേറ്റത്തില്‍. കോകെ, ഗാബി, സൗള്‍ നിഗ്വെസ്, യാന്നിക് കറാസ്കൊ എന്നിവര്‍ മധ്യനിരയില്‍. ലൂക്കാസ് ഹെര്‍ണാണ്ടസ്, സ്റ്റെഫാന്‍ സാവിക്ക്, ഡീഗോ ഗോഡിന്, ഫിലിപ്പ് ലൂയിസ് എന്നിവര്‍ക്ക് പ്രതിരോധിക്കാനുള്ള ചുമതല. യാന്‍ ഒബ്ലാക്കോ, മോയയോ ആകും വല കാക്കാനെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: