നട്ടാശേരി: ആറ്റിലെ വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് ജലവിതരണക്കുഴലിലൂടെ ആറ്റിലേക്ക് ഒഴുക്കി ജലവിതരണ വകുപ്പിന്റെ ക്രൂരവിനോദം.
നട്ടാശേരി മഠം സ്കൂളിന് എതിര്‍വശത്തുകൂടി പൂവത്തുക്കടവ് പാലത്തിലേക്കുള്ള വഴിയിലാണ് ആഴ്ചകളായി ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം വന്‍തോതില്‍ ആറ്റിലേക്ക് ഒഴുകുന്നത്.
ഒന്നരയടിയോളം ആഴത്തില്‍ ഈ റോഡിലൂടെ വെള്ളം ഒഴുകുകയാണ്. കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്രചെയ്യുന്നത്. ചെറിയ വാഹനങ്ങളും ഇതുവഴി കടന്നുപോകുവാന്‍ സാധിക്കുന്നില്ല.
പ്രദേശത്ത് ജലദൗര്ലഭ്യതമൂലം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ജലവിതരണ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മമൂലം കുടിവെള്ളം നഷ്ടമാകുന്നത്. രണ്ടാഴ്ചയിലേറെയായി ഇവിടെ ജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിന്റെ നഷ്ടം ജനങ്ങള്‍തന്നെ വഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഖേദിക്കുകയാണ് നാട്ടുകാര്‍. പൊട്ടിയപൈപ്പ് അടിയന്തിരമായി നന്നാക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: