എരുമേലി: കാലങ്ങളായി വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിനു വരുന്ന ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് ഭൂസമരമുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തോട്ടങ്ങളില്‍ പണിയെടുക്കുന്ന ഭൂരഹിതരായ തൊഴിലാളികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളും മറ്റും നല്‍കിയിട്ടും നടപടി യുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
പാവങ്ങള്‍ക്ക് കിടക്കാന്‍ ഭൂമി നല്കാതെയുള്ള വികസനം വന്‍കിട തോട്ടം മുതലാളിമാരെ സഹായിക്കലാണെന്നും അവര്‍ പറഞ്ഞു. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും മിച്ചഭൂമി തോട്ടം തൊഴിലാളികള്‍ക്കും, മറ്റ് ഭൂരഹിതര്‍ക്കും നല്കാന് നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോളനികളിലെ ദുരവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇന്ന് മുക്കടയില്‍ 3 മണി മുതല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തും. സമരം ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വരും ദിവസങ്ങളില്‍ യോഗങ്ങളും, നിരാഹാര സമരവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ദേശീയ ദലിത് വിമോചന മുന്നണി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.കെ.എസ്. ദാസ്, ഭൂസമരമുന്നണി കണ്‍വീനര്‍ രമേശ് അഞ്ചലശേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: