ആലപ്പുഴ: തൊഴിലാളി യൂണിയനുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യമെത്തിക്കുന്ന സപ്ലൈകോയുടെ വാതില്‍പ്പടി വിതരണം അവതാളത്തില്‍. കൂലിത്തര്‍ക്കവും യൂണിയനുകളുടെ പ്രാദേശികവാദവും മൂലം പലയിടത്തും വിതരണം തടസ്സപ്പെട്ടു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലാണു വിതരണം മുടങ്ങിയത്.
കുട്ടനാട്ടില്‍ തകഴിയിലെ വെയര്‍ഹൗസിങ് കോര്പറേഷന് ഗോഡൗണില്‍ നിന്നു ഭക്ഷ്യസാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിന് ഒരു ക്വിന്റലിനു 11 രൂപയാണു കൂലി തീരുമാനിച്ചിരുന്നത്. അതുകൂടാതെ ഒരു ക്വിന്റല്‍ തൂക്കുന്നതിനു 10 രൂപ പ്രകാരം കൂലി നല്‍കണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചതാണ് പ്രശ്നമായത്.
സപ്ലൈകോ നേരിട്ടു വിതരണം തുടങ്ങിയപ്പോള്‍ തൊഴില്‍ രഹിതരായ മൊത്ത വ്യാപാര കേന്ദ്രങ്ങളിലെ തൊഴിലാളികളെക്കൂടി വിതരണത്തിനു നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു. അമ്പലപ്പുഴ താലൂക്കിലും റേഷന്‍കടകളിലേക്കുള്ള ഭക്ഷ്യസാധന കയറ്റിയിറക്കു ഭാഗികമായി തടസ്സപ്പെട്ടു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ നിന്നു സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനു പുതിയ കരാര്‍ വന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പ്രാദേശിക യൂണിയന് നേതൃത്വങ്ങള്‍ രംഗത്തെത്തിയതാണു തടസ്സമായത്. നിലവില്‍ ജോലി ചെയ്തിരുന്നവരെ ഉപയോഗിച്ചാല്‍ പ്രാദേശികമായുള്ള തൊഴിലാളികളെയും നിയമിക്കണമെന്നാണ് ആവശ്യം.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 11നു ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: