മാവേലിക്കര/തുറവൂര്‍: വാഹനത്തിന് സൈഡ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കുന്നം പ്രവീണ്‍ ഭവനത്തില്‍ ജയപ്രകാശിന്റെ വീട്ടിലാണ് അക്രമം നടന്നത്.
ജയപ്രകാശിന്റെ മകന് പ്രവീണ്‍ പ്രകാശ്, ഭാര്യ കാര്‍ത്തിക എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മാവേലിക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
പൈനുംമൂട് ജങ്ഷനിലെ മിനിലോറി ഡ്രൈവറാണ് പ്രവീണ്‍. ഇവിടെ വാഹനങ്ങള്‍ സൈഡ് നല്കുന്നതു സംബന്ധിച്ച് വൈകിട്ട് പ്രവീണും മറ്റൊരു വാഹനയാത്രക്കാരുമായി ചെറിയ തര്‍ക്കം നടന്നിരുന്നു. ഇത് മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ചു.
പ്രവീണുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവ് പിന്നീട് സുഹൃത്തുക്കളെയും കൂട്ടിയെത്തി അക്രമം നടത്തുകയായിരുന്നു. ഈ സമയം ജയപ്രകാശും ഭാര്യയും സ്ഥലത്തില്ലായിരുന്നു.
അക്രമിസംഘം പ്രവീണിന്റെ ബൈക്ക് നശിപ്പിക്കുകയും ഗൃഹോപകരണങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. കമ്പിവടി, വെട്ടുകത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളുമായാണ് സംഘം എത്തിയതെന്നും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇരൂകൂട്ടരും ഇന്ന് രാവിലെ സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിട്ടുണ്ടെന്നും എസ്ഐ ശ്രീകുമാര്‍ പറഞ്ഞു.
തുറവൂര്‍ വളമംഗലത്ത് വീടുകയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്കേറ്റു. വളമംഗലം മുളയ്ക്കല്ച്ചിറ മോഹനന്റെ ഭാര്യ അജിത (44), മക്കളായ അജിത് (25), അഖില്‍ (21) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീടുകയറി ചിലര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത്.
ഗുരുതരമായ പരിക്കേറ്റ ഇവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയതോട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: