എറണാകുളം∙: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻധനമന്ത്രിയുമായ കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിപ്പിക്കുന്നു. കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ച കേസ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വന്നതോടെയാണ് വീണ്ടും അന്വേഷണം തുടങ്ങിയത്. ജേക്കബ് തോമസ് മാറി ലോക്നാഥ് ബെഹ്‌റ വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് വിജിലൻസ് സംഘമെന്നാണ് വിശദീകരണം.
കോടതിയുടെ ഇടപെടൽ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഉറപ്പായിട്ടുണ്ട്. ബാര്‍കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെ വേറെയൊന്നും നല്‍കിയില്ല. കെ.എം മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിച്ചു. ഇതിന് പിന്നാലെ തുടരന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയത്.
തെളിവില്ലെന്ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ എസ്‌പി എസ് സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും വച്ചു. മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും നിലപാട് അറിയിച്ചെങ്കിലും കേസ് അവസാനിപ്പിക്കാന്‍ ജേക്കബ് തോമസ് അനുമതി നല്‍കിയിരുന്നില്ല.
ഇപ്പോള്‍ കെ.എം. മാണി ഇടത്തേക്ക് തിരിയുന്നുവെന്ന പ്രതീതി ശക്തമാകുന്ന ഘട്ടത്തിലാണ് കോഴക്കേസ് നനഞ്ഞ പടക്കമായി എരിഞ്ഞുതീരുന്നത്. ഒരുകാലത്ത് കോഴമാണിയെന്ന് വിളിച്ച് മുൻ ധനമന്ത്രിക്കെതിരെ സമരജ്വാല തീർത്തവർക്ക്, ഇനി അദ്ദേഹത്തെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കാവുന്ന സാഹചര്യമാണ് ഇതോടെ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: