വളാഞ്ചേരി: വൈവിധ്യങ്ങളോടെ ഭക്തജനങ്ങളെ ആവേശത്തിമിര്പ്പിലാറാടിച്ച് വൈക്കത്തൂര്‍ മഹോത്സവത്തിന് കൊടിയിറങ്ങി.
പഞ്ചവാദ്യത്തോടെ നടന്ന കാഴ്ചശീവേലിയും, വിവിധ നാട്യസംഘങ്ങള് അവതരിപ്പിച്ച തിരൂവാതിരക്കളികളും വേനല്‍ചൂടിന്റെ ശക്തിയറിയാതെ ഭക്തജനങ്ങള്‍ ആസ്വദിച്ചു.
ഉത്സവത്തില്‍ ശ്രദ്ധേയമായ പ്രസാദഊട്ടില്‍ രണ്ടായിരത്തിലധികം ഭക്തജനങ്ങള്‍ പങ്കെടുത്തു.
വളാഞ്ചേരി പട്ടണത്തില്‍ നിന്ന് ആന, പഞ്ചവാദ്യം തുടങ്ങിയവയോടുകൂടി പകല്‍പ്പൂരം ഏഴ് മണിയോടെ സമാപിച്ചു. ശേഷം ആറാട്ട് ബലിയും കൊടിയിറക്കവും കഴിഞ്ഞശേഷം ആറാട്ട് എഴുന്നെള്ളിപ്പും ആറാട്ട് കടവില്‍ ദീപാരാധനയും നടന്നു.
തുടര്‍ന്ന് ദേവീദേവന്മാര്ക്ക് അത്താഴപൂജയും ഇരുപത്തഞ്ച് കലശവും ശ്രീഭൂതബലിയും സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: