നിലമ്പൂര്‍: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ നിലമ്പൂരിലെ രണ്ട് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറന്നു.
ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ തുടര്‍ന്നാണ് തുറക്കാന്‍ അനുമതി നല്‍കിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. കെഎന്‍ജി പാതയോരത്ത് കോടതിപ്പടിയിലെയും വികെ റോഡിലെയും ബീയര്‍ പാര്‍ലറുകളാണ് കഴിഞ്ഞ ദിവസം തുറന്നത്. നഗരസഭാതിര്‍ത്തിയില്‍ വരുന്ന കെഎന്‍ജി പാതയുടെ ഭാഗം നിലമ്പൂര്വാളാംതോട് ജില്ലാ പാതയില്‍ ഉള്‍പ്പെടുമെന്ന് മരാമത്ത് എഇ നല്കിയ റിപ്പോര്‍ട്ടാണ് കോടതിയുടെ അനുകൂല ഉത്തരവുനേടാന് ഇടയാക്കിയത്.
പിഡബ്ല്യൂഡി നിലമ്പൂര്‍ സെക്ഷന്റെ കീഴിലെ സംസ്ഥാനപാതകളുടെയും ജില്ലാ റോഡുകളുടെയും പട്ടിക എക്സൈസ് വകുപ്പിന് നേരത്തേ എഇ കൈമാറിയിട്ടുണ്ട്. അതില്‍ കെഎന്‍ജി, പെരിമ്പിലാവ് നിലമ്പൂര്‍ റോഡുകള്‍ സംസ്ഥാനപാതയുടെ ഗണത്തില്‍പ്പെടുന്നു.
അതില്‍ നിന്ന് വ്യത്യസ്തമായ പാര്‍ലര്‍ ഉടമകള്‍ക്ക് അനുകൂലമായി മാറിയത്. അതേസമയം, നിലമ്പൂര്‍ നഗരസഭാതിര്ത്തി മുതല്‍ വാളാംതോട് വരെ മേജര്‍ ഡിസ്ട്രിക്ട് റോഡാണെന്നാണ് തന്റെ റിപ്പോര്‍ട്ടെന്ന് എഇ വിശദീകരിച്ചു. വെളിയംതോട് മുതല്‍ 21 കിലോമീറ്ററാണ് ദൈര്‍ഘ്യം. വെളിയംതോടും നഗരസഭയുടെ ഒരു അതിര്‍ത്തിയാണ്. അത് മറച്ചുവെച്ച് സംസ്ഥാനപാതയില്‍ നഗരസഭയുടെ മറ്റൊരു അതിര്‍ത്തിയായ വടപുറം പാലം മുതല്‍ ജില്ലാ റോഡാണെന്ന് വാദിച്ചാണ് അനുമതി വാങ്ങിയതെന്നാണു സൂചന.
ഉത്തരവിന്റെ പിന്‍ബലത്തില്‍ അപേക്ഷ ലഭിച്ചാല്‍ ബിവറേജ് ഔട്ട്ലെറ്റും തുറക്കാനാകും.
സംസ്ഥാനപാതക്ക് വേണ്ട വീതി ഈ ഭാഗത്തില്ലെന്ന വാദം ഉയര്‍ത്തിയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. താല്‍ക്കാലിക അനുമതിയാണ് കോടതി നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: