തിരുവനന്തപുരം: ധനവകുപ്പിനും കിഫ്ബി പദ്ധതികള്‍ക്കും എതിരെ താന്‍ പ്രസംഗിച്ചതായ വാര്‍ത്ത ഭാവനാ സൃഷ്ടിയാണെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ കിഫ്ബി പദ്ധതികളെ പരിഹസിക്കുന്ന തരത്തില്‍ സുധാകരന്‍ പ്രസംഗിച്ചതെന്നു റിപ്പോര്‍ട്ടു വന്നിരുന്നു.
ഒരക്ഷരം പോലും കിഫ്ബിക്കെതിരെ സംസാരിച്ചിട്ടില്ല. കിഫ്ബി മുഖേന സംസ്ഥാനത്ത് ഉണ്ടാകുന്ന വികസന കുതിപ്പിനെപ്പറ്റിയാണ് സംസാരിച്ചത്. അഞ്ചുവര്‍ഷം കിഫ്ബി വഴി സംസ്ഥാനത്ത് ഒരുലക്ഷം കോടി രൂപയുടെയും ആലപ്പുഴ ജില്ലയില്‍ പതിനായിരം കോടി രൂപയുടെയും അടിസ്ഥാന സൗകര്യവികസനം നടക്കുമെന്നാണ് പറഞ്ഞത്.
പൊതുമരാമത്ത് വകുപ്പ് അടക്കമുള്ള വകുപ്പുകളില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഗുണകരമല്ലാത്ത ശീലങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു. അതിലൊന്നും കിഫ്ബിയെ പരാമര്‍ശിച്ചില്ല. ഇത് ബോധപൂര്‍വ്വം കെട്ടിച്ചമച്ച വാര്‍ത്തയാണ്. പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അധികാരമില്ല. പ്രസംഗത്തില്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ തമസ്‌കരിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി ഒരു മാധ്യമത്തിനും നല്ലതല്ലെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
















