കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വിഭജിച്ച് 1977ല്‍ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ റൂബി ജൂബിലി ആഘോഷം 12നു കാഞ്ഞിരപ്പള്ളിയില്‍ നടക്കും. രാവിലെ 10ന് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ റൂബി ജൂബിലിയുടെ ദീപം തെളിക്കും. 11.45ന് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിക്കും. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഇടവക പ്രതിനിധികളും സന്യാസി, സന്യാസിനി സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
കന്യാകുമാരി മുതല്‍ ഏറ്റുമാനൂര്‍ വരെയും ആലപ്പുഴ മുതല്‍ രാമക്കല്‍മേടു വരെയും ചങ്ങനാശേരി അതിരൂപത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മാര്‍ ജോസഫ് പവ്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി ചുമതലയേറ്റപ്പോള്‍ ചങ്ങനാശേരി രൂപതയുടെ ചാന്‍സിലറായിരുന്ന ഫാ. മാത്യു വട്ടക്കുഴിയെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായും ചാന്‍സിലറായും നിയമിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായതോടെ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി മാര്‍ മാത്യു വട്ടക്കുഴിയെ തെരഞ്ഞെടുത്തു.
രൂപതയിലെ 10 ഫൊറോനകളിലായി 145 ഇടവകകളാണ് ഉള്ളത്. വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്ന 60 കപ്പേളകളും എണ്‍പതിലേറെ കുരിശടികളുമുണ്ട്. 37000 കുടുംബങ്ങളും രണ്ടു ലക്ഷത്തിലേറെ വിശ്വാസികളും രൂപതയിലുണ്ട്. ഇവരുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 295 വൈദികര്‍ ശുശ്രൂഷ നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: