വൈപ്പിന്‍ : മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമായ ‘ചാര്‍ളി’ യിലെ നായിക ടെസ്സയെ അനുകരിച്ച് നാടുവിട്ട കൗമാരക്കാരികളായ സുഹൃത്തുക്കള്‍ പിടിയില്‍. ഐടിഐ വിദ്യാര്‍ത്ഥിനികളായ രണ്ടുപേരാണ് മൂന്നാറില്‍ നിന്നും തിരികെ വരും വഴി ആലുവയില്‍ പിടിയിലായത്. ഇവരില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിനിയും മറ്റെയാള്‍ എറണാകുളം പച്ചാളം സ്വദേശിനിയുമാണ്.
കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് രണ്ടുപേരും വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍, രാത്രിയായിട്ടും കാണാഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ റെയില്‍വേ സ്റ്റേഷില്‍ ഇരുവരും പിടിയായത്.
ചോദ്യം ചെയ്യലിലാണ് ചാര്‍ളി സിനിമയിലെ നായികയെപ്പോലെ ഭ്രമം കയറി നാടുചുറ്റാന്‍ ഇറങ്ങിയതാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. മൂന്നാറിലേയ്‌ക്ക് ആദ്യം പോയ ഇരുവരും ഒരു ദിവസം അവിടെ ചുറ്റിയടിക്കുകയും ലോഡ്ജില്‍ താമസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആലുവയിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂര്‍ പൂരം കാണാനുള്ള പ്ലാനിടുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലാത്.
കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് യാത്രയ്‌ക്കും ചെലവിനുമുള്ള പണം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
















