മലപ്പുറം: സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പ്രഹസനമാകുന്നു. ആയിരത്തോളം സ്കൂളുകളാണ് ജില്ലയില്‍ മാത്രം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത്.
2016 ജൂണ്‍ 12ന് മലപ്പുറം മങ്കട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ പശ്ചാത്തലത്തില്‍ ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരില്‍നിന്ന് ഡിപിഐ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിവരശേഖരണം കൃത്യമായി നടന്നിട്ടില്ല.
ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്താണ് തടസ്സം. ജില്ലയില്‍ കൂടുതലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാനേജ്മെന്റും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കുരുന്നുകളുടെ ജീവന് ഭീഷണിയാകുന്നു. ഉപജില്ലാ ഓഫിസര്‍മാര്‍ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ നിര്‍ദേശിച്ച് അപേക്ഷ ഓരോ സ്കൂളുകള്‍ക്കും കൈമാറിയിട്ടും ഫലമുണ്ടായില്ല.
അപകടം നടന്ന മലപ്പുറം ജില്ലയിലെ സ്കൂളുകളുടെ വിവരം പോലും ബന്ധപ്പെട്ടവര്‍ ശേഖരിച്ചിട്ടില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രണ്ട് സ്കൂളുകളാണ് തകര്‍ന്നുവീണത്. ജൂണ്‍ 12ന് ആദ്യ അപകടം നടന്നത് മങ്കടയിലാണ്. മങ്കട ഗവ.വിഎച്ച്എസ്എസിന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നു വീണത്. ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ടു ക്ലാസുകള്‍ ഭാഗികമായും തകര്‍ന്നു. ഞായറാഴ്ചയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഡിസംബര്‍ 14ന് വീണ്ടും മറ്റൊരു അപകടമുണ്ടായി. വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നത്. 58 വര്‍ഷം പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ സുരക്ഷാ പരിശോധനയില്‍ നിസംഗത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: