പരപ്പനങ്ങാടി: പുത്തനുടുപ്പും പുസ്തകങ്ങളുമായി പ്രതീക്ഷയോടെ കടന്നുവരുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകള്‍.
പുതിയ അദ്ധ്യായനവര്‍ഷം സമാഗതമാകുമ്പോള്‍ ഇനി രക്ഷിതാക്കള്‍ക്ക് ഓട്ടപ്പാച്ചിലിന്റെ ദിനങ്ങളാണ്. ജില്ലയില്‍ വിദ്യാഭ്യാസത്തില്‍ എയ്ഡഡ് സ്കൂളുകളേക്കാള് മികവ് പുലര്‍ത്തുന്ന ചുരുക്കം ചില സര്‍ക്കാര്‍ സ്കൂളുകളുണ്ട് എന്നത് സാധാരണക്കാര്‍ക്ക് അഭിമാനക്കാവുന്ന കാര്യം തന്നെ. സര്‍ക്കാര്‍ സ്കുളുകളിലെ അദ്ധ്യാപക-രക്ഷാകര്‍ത്തൃ കൂട്ടായ്മകളാണ് പലപ്പോഴും മികവാര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലുള്ളത്. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്നതാണ് മിക്ക പിടിഎ കമ്മറ്റികളും സമ്മതിക്കുന്നത്.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ തീരദേശത്തെ സ്കൂളുകളില്‍ പലതും പ്രാഥമിക കൃത്യനിര്‍വ്വഹണത്തിന് മതിയായ സൗകര്യങ്ങളിലാത്തതാണ് എന്ന് സമ്മതിക്കാതെ വയ്യ. ചെട്ടിപ്പടിയിലെ ഗവ.ജിഎല്‍പി സ്കൂളില്‍ അഞ്ചാതരം വരെ പഠന സൗകര്യമുണ്ടെങ്കിലും ഇവിടെ പഠിക്കുന്ന മുന്നൂറോളം കുട്ടികള്‍ക്ക് ആനുപാതികമായി ഉപയോഗിക്കുന്ന ശുചിമുറികളുടെ അഭാവം വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ചെട്ടിപ്പടി ഗവ.ആലുങ്ങല്‍ ഫിഷറീസ് സ്കൂളിലാണ് മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ ഏറെയും പഠിക്കുന്നത്. ജീര്ണാവസ്ഥയില് നില നിന്നിരുന്ന രണ്ട് കെട്ടിടങ്ങളില്‍ ഒന്ന് പൊളിച്ച് പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ശേഷിക്കുന്ന കെട്ടിടത്തിലാണ് മുഴുവന്‍ ക്ലാസ്മുറികളും പ്രവര്‍ത്തിക്കുന്നത്.
പരപ്പനങ്ങാടി പെട്രോള്‍ പമ്പിന് സമീപത്തെ ടൗണ്‍ ജിഎല്‍പി. സ്കൂളിനുമുണ്ട് പരാധീനതകളേറെ. കെട്ടിടങ്ങളുടെ കാലപ്പഴക്കത്തില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുമ്പോള്‍ പലപ്പോഴും വര്‍ഷകാലത്ത് ക്ലാസ്മുറികള് താഴെ നിലയിലേക്ക് മാറ്റേണ്ട അവസ്ഥയിലാണ്. പഴയരീതിയിലുള്ള ശുചിമുറികളായതിനാല് ദുര്‍ഗന്ധം വമിക്കുന്നത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്നില്ല. കഴിഞ്ഞ വര്‍ഷം അപ്ഗ്രേഡ് ചെയ്യപ്പെട്ട നെടുവ ഗവ.സ്കൂളിലെ മുകള്‍നിലയിലെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായെങ്കിലും എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളിന് ആണ്‍കുട്ടികള്‍ക്കായി 20 യൂറിന്‍ ക്ലോസറ്റുകളും പെണ്‍കുട്ടികള്‍ക്ക് 14 ശുചിമുറികളുമാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതിക ക്രമമനുസരിച്ച് മൂത്രപ്പുരകള്‍ കുറവാണ്. അരമണിക്കൂര്‍ ഇടവേള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാനാത്ത സാഹചര്യമാണുള്ളത്.
നഗരസഭയില്‍ ഏഴ് എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് കഴിഞ്ഞവര്‍ഷം ഉള്ളണം മുണ്ടിയന്‍ കാവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ അവിടെ പത്താംക്ലാസില്‍ പഠിച്ചിരുന്ന23വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനായില്ല. രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളെ ചേര്‍ക്കുമ്പോള്‍ സ്കൂളിന് അംഗീകാരമുണ്ടോ എന്ന് പോലും തിരക്കാത്തത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജില്ലയിലെ ചില എയ്ഡഡ് സ്കൂളില്‍ പി.ടി.എ ഫണ്ട്, കമ്പ്യൂട്ടര്‍ പഠനം, പാഠപുസ്തകം, യൂണിഫോം, ഓഡിയോ-വിഷ്വല്‍ എഡ്യൂക്കേഷന്‍ ഫീസ, എക്സാം ഫീസ്, ട്യൂഷന് ഫീസ്, തുടങ്ങി രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പല അടവുകളും സ്വാകാര്യസ്കൂളുകള് പയറ്റുന്നുണ്ട്. ജി.ഒ പ്രകാരം സ്കൂള്‍ പ്രവേശനത്തിന് ഒരു കുട്ടിയില്‍ നിന്നും വാങ്ങാവുന്ന തുക 100രൂപ പിടിഎ ഫണ്ട് മാത്രമാണ്. പൊതു വിദ്യാഭ്യാസരംഗത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ മറയാക്കി ചിലര്‍നടത്തുന്ന തീവെട്ടിക്കൊള്ള തടയാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിവേണം എന്നതാണ് രക്ഷിതാക്കള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: