ആലപ്പുഴ: കേരള ബുദ്ധിസ്റ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബുദ്ധമത വിശ്വാസികളുടെ സംസ്ഥാനതല ബുദ്ധപൂര്‍ണിമ ആഘോഷം കരുമാടിക്കുട്ടന്‍ മണ്ഡപത്തില്‍ ഈ മാസം 10ന് നടക്കും.
ബുദ്ധപൂജ, പഞ്ചശീലം, മഹാമംഗള സൂക്തം, കരണീയ മെത്ത സൂക്തം തുടങ്ങിയ ചടങ്ങുകള്‍ക്കു നാഗ്പൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ ബുദ്ധഭിക്ഷുക്കളായ നാഗസേന്‍, ഭിക്ഷു ബുദ്ധമൗര്യ എന്നിവര്‍ നേതൃത്വം നല്‍കും.
നാഗ്പൂരില്‍ നിന്നെത്തുന്ന സത്യജീത് മൗര്യ ധര്‍മ്മദേശ സന്ദേശം നല്‍കും. കരുമാടിക്കുട്ടനും ബുദ്ധധര്‍മ്മവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച പുരാവസ്തു ഗവേഷകന്‍ പി.ജെ. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അനിരുദ്ധന്‍ രാമന്‍, ഡോ. അജു നാരായണന്‍, ഡോ. അജയ് ശേഖര്‍, ആര്‍. അനിരുദ്ധന്‍, കെ.ജി. കൃഷ്ണകുമാര്‍ കശ്യപ് ഭിക്ഷു, എന്നിവര്‍ പങ്കെടുക്കും.
ചിത്രകാരന്‍ മുരളിയുടെ ചിത്രരചനയും ഉണ്ടാകും. രണ്ടിന് സമാപന സമ്മേളനം മന്ത്രി. ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുതിര്‍ന്ന ധര്‍മ്മചാരിമാരെ ആദരിക്കും.
















