പീരുമേട്: വണ്ടിപ്പെരിയാറില്‍ ഹോമിയോ ആശുപത്രിയ്‌ക്കായി കണ്ടെത്തിയ സ്ഥലത്ത് കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വാളാഡിക്കവലയില്‍ മൂന്നര സെന്റ് വസ്തുവാണ് ഹോമിയോ ആശുപത്രി കെട്ടിടത്തിനായി കണ്ടെത്തിയത്.
നിലവില്‍ വാളാഡിക്കവലയിലെ സ്വകാര്യ കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ വാടക കൊടുക്കുന്നത് ഹോമിയോ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ശമ്പളത്തില്‍ നിന്നുമാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വാര്‍ഡ് മെമ്പറാണ് വാടക നല്‍കിയിരുന്നത്.
ഇപ്പോള്‍ വാടക നല്‍കുന്നതിന് നിലവിലെ മെമ്പര്‍ തയ്യാറാകുന്നുമില്ല. ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാരി വാടക നല്‍കാന്‍ തയ്യാറായത്. ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ഭരണ സമിതി 10 ലക്ഷം രൂപ അനുവദിച്ചതാണ്. കണ്ടെത്തിയ സ്ഥലം ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് സ്ഥലമാണ്. വസ്തുവിന് തോട്ടം ഉടമ അവകാശവാദമുയര്‍ത്തി. കാലതാമസം നേരിട്ടതോടെ അനുവദിച്ച തുക ലാപ്‌സാകുകയും ചെയ്തു. തുടര്‍ന്ന് മാനേജ്‌മെന്റ് മൂന്നരസെന്റ് സ്ഥലം അളന്ന് നല്‍കി. എന്നാല്‍ ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി യാതൊരുവിധ നീക്കങ്ങളും ഉണ്ടായില്ല. സര്‍ക്കാര്‍ വക കെട്ടിടം നിര്‍മ്മിക്കുന്നതിനായി തൃതലപഞ്ചായത്ത് എംപി, എംഎല്‍എ ഫണ്ട് കണ്ടെത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ഇപ്പോള്‍ ആശുപത്രിയ്‌ക്കായി കണ്ടെത്തിയ സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആശുപത്രി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായിരുന്ന വെയിറ്റിങ് ഷെഡും പൊളിച്ച് നീക്കിയിട്ട് 5 വര്‍ഷം കഴിഞ്ഞു.
















