നിലമ്പൂര്‍: ഭരണസമിതിയുടെ അനുമതിയില്ലാതെ സ്വകാര്യ ടെലകോം കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ നല്കിയ പരാതിയില്‍ നഗരകാര്യ വകുപ്പ് തെളിവെടുപ്പ് നടത്തി.
കോഴിക്കോട് നഗരകാര്യ വകുപ്പ് സൂപ്രണ്ട് വിജയകുമാര്‍, ക്ലാര്‍ക്ക് സമീര്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.
രജിസ്റ്റര്‍ ബുക്ക് ഉള്‍പ്പടെയുള്ള ഓഫീസിലെ രേഖകള്‍ പരിശോധിച്ചു. സംശയമുള്ളവയുടെ പകര്‍പ്പ് എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നഗരകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയ കൗണ്‍സിലര്‍മാരില്‍ പി.എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.
സ്വകാര്യ കമ്പനിക്ക് കേബിള്‍ സ്ഥാപിക്കാനുണ്ടാക്കിയ കരാറിലും ഉടമ്പടികളിലും ക്രമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. പണം കൈപ്പറ്റിയതും അനുമതി നല്കിയതും സംബന്ധിച്ച തിയതികളില്‍ ക്രമവിരുദ്ധത ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
റിപ്പോര്‍ട്ട് അടുത്ത ദിവസം നഗരകാര്യ ഡയറക്ടര്‍ക്ക് നല്‍കുമെന്ന് സൂപ്രണ്ട് പറഞ്ഞു.
പ്രാഥമിക പരിശോധനയാണ് നടന്നതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: