തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രന്റെ വീട് കൈയേറ്റഭൂമിയിലാണെന്ന് റവന്യൂരേഖകള്‍ ഉദ്ധരിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ മൂന്നാറിലെ ഇക്കാ നഗറില്‍ രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് കളക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷണറും ശരിവച്ചിരുന്നു. നാലു ചോദ്യങ്ങളാണ് മൂന്നാറിലെ വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് ഉന്നയിച്ചത്. അതില്‍ മൂന്നാമത്തെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് എംഎല്‍എയുടെ കൈയേറ്റം വ്യക്തമാക്കുന്നത്.
മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എഡിജിപി (ക്രൈംബ്രാഞ്ച്, സിഐഡി) സംഘം, എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം രാജേന്ദ്രന്റെ പട്ടയരേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ പട്ടയനമ്പര്‍ തിരുത്തിക്കിട്ടണമെന്ന അപേക്ഷ ഇടുക്കി കളക്ടര്‍ തള്ളിയതാണ്. ഇതിനെതിരെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മുമ്പാകെ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റീഷന്‍ മേല്‍വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിരസിച്ചിരുന്നതായും മന്ത്രി മറുപടി നല്‍കി.
എന്നാല്‍ റവന്യൂമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടാണ് രാജേന്ദ്രന്‍ എംഎല്‍എയുടെത്. മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത് അതുപോലെ വായിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഇതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു.
















