മുണ്ടക്കയം: ദേശീയപാതയില്‍ അപകടഭീഷണിയായി നില്ക്കുന്ന വന്‍ മരങ്ങള്‍ വെട്ടി നീക്കുവാന്‍ നടപടിയില്ലാത്തത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. പെരുവന്താനം പഞ്ചായത്ത് പ്രദേശമായ മരുതുംമൂടിന് സമീപമാണ് റോഡരുകിലെ മരങ്ങള്‍ റോഡിലേയ്ക്ക് വീഴാറായ നിലയില്‍ നില്‍ക്കുന്നത്.
ഇതിനു സമീപപ്രദേശത്ത് കഴിഞ്ഞ ദിവസം കാറ്റില്‍ മരം കടപുഴകി വീണെങ്കിലും തലനാരിഴക്ക് വന്‍ ദുരന്തം വഴിമാറി. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു മുകളിലേയ്ക്കാണ് മരം വീണത്. സംഭവ സമയത്ത് വാഹനത്തില്‍ ആളില്ലാതിരുന്നതും റോഡില്‍ മറ്റു യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലും വാഹനങ്ങള്‍ കടന്നു പോകാതിരുന്നതിനാലും അപകടം ഒഴിവാകുകയായിരുന്നു.മരുതുംമൂട് 36-ാം മൈലില്‍ റോഡരുകിലെ തിട്ടയിലായി നില്ക്കുന്ന മരത്തിന്റെ ചുവട്ടിലെ മണ്ണും കല്ലുകളും കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഒലിച്ചുപോയതോടെയാണ് വന്മരം അപകട ഭീഷണിയാകുന്നത്.
ഇത്തരത്തില്‍ കുട്ടിക്കാനം വരെ റോഡരുകില്‍ മരങ്ങള്‍ റോഡിലേയ്ക്ക് നില്പ്പുണ്ടെങ്കിലും ഇത്രയേറെ അപകടകരമല്ല. ചുവട്ടിലെ മണ്ണിളകി വേരുകള്‍ തെളിഞ്ഞതോടെ ശക്തമായ കാറ്റടിച്ചാല്‍ മരം കടപുഴകി വീഴാവുന്ന നിലയിലാണ്. ഇതിനു സമീപമായി സ്കൂളും സ്ഥിതി ചെയ്യുന്നതിനാല്‍ നാട്ടുകാരും ഭീതിയിലാണ്. വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്താണ് മരം വീഴുന്നതെങ്കില്‍ വന്‍ ദുരന്തമാകും സംഭവിക്കുക.
മരുതുംമൂട്, ചുഴുപ്പ് തുടങ്ങിയ മേഖലകളില്‍ മുന്‍ വര്‍ഷങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡരുകില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
സമാനരീതിയില്‍ മരുതുംമൂട്ടില്‍ അപകടം ആവര്‍ത്തിച്ചാല്‍ മരം നിലം പതിക്കുമെന്നതും ഉറപ്പാണ്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും നിരവധി തവണ ദേശീയപാതയില്‍ അപകടഭീഷണിയായി നില്ക്കുന്ന വന്‍ മരങ്ങള്‍ വെട്ടി നീക്കണമെന്ന് രേഖാമൂലം അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: