കറുകച്ചാല്‍: കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ ചമ്പക്കര മാങ്കുടിപ്പടിക്ക് സമീപത്തെ മണ്ണെടുപ്പ് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഹൈക്കോടതിവിധിയിലെ കോട്ടയം ജിയോളജിസ്റ്റിന്റെ വിവേചനാധികാരം മുന്‍നിര്‍ത്തിയാണ് പത്തുസെന്റോളം വരുന്ന സ്ഥലത്തെ മണ്ണുനീക്കം നടക്കുന്നത്. പൊടിശല്യവും കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ ഗതാഗത തടസ്സവും പരിഗണിച്ച് സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ 3ന് ഉച്ചയ്ക്ക് ശേഷം കോട്ടയം ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ 5മുതല്‍ വീണ്ടും മണ്ണെടുപ്പ് തുടരുകയാണ്.
നിലവിലെ ചട്ടമനുസരിച്ച് മണ്ണ് ഇളക്കിയിട്ടതിന് ശേഷം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്ര മെട്രിക് ടണ്‍ മണ്ണുണ്ടെന്ന് നിജപ്പെടുത്തി ലോഡുകണക്കാക്കി ഓരോ ലോഡിനുമുള്ള പാസ് വിതരണം ചെയ്തതിന് ശേഷം രാവിലെ 8മുതല്‍ വൈകിട്ട് 5വരെ മാത്രമേ മണ്ണെടുക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ചമ്പക്കരയില്‍ പുലര്‍ച്ചെ 4മുതല്‍ മണ്ണെടുപ്പ് തുടങ്ങുന്നത് പോലീസും അധികൃതരും കാണുന്നില്ല. 10സെന്റിന്റെ അനുമതിപത്രം വച്ചുകൊണ്ട് ഒന്നര ഏക്കര്‍ സ്ഥലത്തെ മണ്ണാണ് ഇവിടെ നീക്കം ചെയ്യുന്നത്.
ചമ്പക്കര 1-ാം വാര്‍ഡില്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിനോട് ചേര്‍ന്നുള്ള നടപ്പുവഴിക്ക് തടസ്സം സൃഷ്ടിക്കുന്നതരത്തില്‍ 12അടിയോളം കുഴി രൂപപ്പെടുത്തിയാണ് മണ്ണെടുപ്പ് എന്നിതിനാല്‍ നാട്ടുകാരുടെ വന്‍ എതിര്‍പ്പ് നിലനില്‍ക്കുന്നതാകയാല്‍ വില്ലേജ് ഓഫീസര്‍, പോലീസ് എന്നിവിടങ്ങളില്‍ പരാതി കൊടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ സമീപവാസികള്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മണ്ണ് ലോബി അവരെ ഭീഷണിപ്പെടുത്തി. അനധികൃതമായ ഈ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് വന്‍പ്രതിഷേധ പരിപാടികള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ്. ഒരുതുള്ളി വെള്ളം ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വീണ്ടും ഭൂമി കുഴിച്ച് മണ്ണെടുക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: