ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന് തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു
ഇരിങ്ങാലക്കുട: സംഗമേശമന്ത്രങ്ങളാല് മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന് തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു. മണക്കാട് പരമേശ്വരന് നമ്പൂതിരി പരികര്‍മ്മിയായി. ഇനി 10 ദിനങ്ങള്‍ സംഗമപുരി ഭക്തിസാന്ദ്രം.
രാവിലെ ക്ഷേത്രത്തില്‍ ബ്രഹ്മകലശം, കുംഭേശകലശം, മറ്റു പരികലശങ്ങള്‍ എന്നിവ ദേവന് അഭിഷേകം ചെയ്തു. വൈകീട്ട് ശ്രീകോവിലിന് സമീപം നഗരമണ്ണ,് തരണനെല്ലൂര്‍, അണിമംഗലം ആചാര്യന്മാരായി സ്വീകരിക്കുന്ന ആചാര്യവരണം ചടങ്ങ് നടന്നു. തുടര്‍ന്ന് കൂറയും പവിത്രം നല്കുന്ന ചടങ്ങ്, കുളമണ്ണില്‍ രാമചന്ദ്രന് മൂസ് നിര്‍വഹിച്ചു. രാത്രി 8 നും 8.30 നും കൊടിയേറ്റ കര്‍മ്മം നടന്ന് തുടര്‍ന്ന അത്താഴപൂജ നടത്തി.
ബാലചരിതം കൂത്ത് അരങ്ങേറി. കിഴക്കേനടയില്‍ കൊരുമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ വിക്രമന്‍നമ്പൂതിരി നയിച്ച മൃദംഗമേളയും നടന്നു. കിഴക്കേ നടപ്പുരയില്‍ രാവിലെ ശ്രീരാമപഞ്ചശതി പാരായണവും നടന്നു.
തിരുവുത്സവത്തിന്റെ ഒന്നാം നാളായ ഇന്ന് കൊടിപ്പുറത്തുവിളക്ക് നാള് രാവിലെ ക്ഷേത്രത്തിനകത്ത് ബ്രഹ്മകലശവും കുംഭേശകലശവും മറ്റു പരികലശങ്ങളും ദേവന് അഭിഷേകം ചെയ്യും. െഅത്താഴപൂജ തുടങ്ങി തിടമ്പിലേക്ക് ദേവാംശത്തെ ആവാഹിച്ച് പുറത്തേക്ക് എഴുന്നെള്ളിക്കുന്നു. വര്‍ഷത്തിലാദ്യമായി കൂടല്‍മാണിക്യ സ്വാമി ശ്രീകോവിലിനു പുറത്തേക്ക് എഴുന്നെള്ളുന്ന കൊടിപുറത്തുവിളക്കാഘോഷത്തിന് ഇതോടെ ആരംഭമാകും.
പുറത്തേക്ക് എഴുന്നെള്ളിച്ച് ഭഗവദ് തിടമ്പുമായി അകത്ത് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ആദ്യത്തെ മാതൃക്കല്‍ബലി നടക്കും. ബലിക്കുശേഷം തിടമ്പ് ഉറപ്പിച്ച കോലം പുറത്തേക്ക് കൊണ്ടുവന്ന് കൂടല്‍മാണിക്യസ്വാമിയുടെ സ്വന്തം ഗജവീരന്റെ പുറത്തേറ്റുന്നതോടെ വിളക്ക് ആരംഭിക്കും.
മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ആദ്യത്തെ നാല് പ്രദക്ഷിണവും അഞ്ചാമത്തെ വിളക്കാചാരപ്രദക്ഷിണവും കഴിഞ്ഞ് ആറാമത്തെ കൂട്ടിയെഴുന്നെള്ളിപ്പ് പ്രദക്ഷിണത്തിനായി ദേവന് കിഴക്കേ നടയിലെത്തിച്ചേരും. ചെണ്ട, മദ്ദളം, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയോടുകൂടി 17 ഗജവീരന്മാരെ അണിനിരത്തി കൂട്ടിയെഴുന്നെള്ളിപ്പിനായി ആദ്യത്തെ പഞ്ചാരിമേളത്തിന് കോലുവീഴും.
കലാമണ്ഡലം ഹരീഷ് മാരാരുടെ നേതൃത്വത്തിലായിരിക്കും ആദ്യത്തെ പഞ്ചാരിമേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: