തൊടുപുഴ: ഇടുക്കി ജില്ലയിലെ, പ്രത്യേകിച്ച് മൂന്നാറിലെ റവന്യൂ വകുപ്പ് തയ്യാറാക്കിയ കൈയേറ്റപ്പട്ടിക അപൂര്‍ണ്ണം. വില്ലേജുകളില്‍ എഴുതി സൂക്ഷിച്ചിരുന്ന കൈയേറ്റക്കാരുടെ വിവരങ്ങളാണ് ലിസ്റ്റില്‍. ഇതില്‍ മുന്‍പ് ഒഴിപ്പിച്ച ഭൂമിയുടെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. 2010ന് മുന്‍പുള്ള കൈയേറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പല വില്ലേജുകളിലും ഇല്ല. ഇത് കൈയേറ്റ ലിസ്റ്റിന്റെ പരിമിതി വ്യക്തമാക്കുന്നു. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള വില്ലേജുകളില്‍ റീസര്‍വ്വേ എങ്ങുമെത്തിയിട്ടില്ല.
പത്ത് സെന്റിന് താഴെ കൈയേറ്റം നടത്തിയവരെ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. മൂന്നാറില്‍ കൈയേറിയ വസ്തുവിന്റെ അളവിനേക്കാള്‍ ഭൂമിയുടെ വിലയാണ് പ്രധാനം. ഒരു സെന്റ് വസ്തുവിന് പത്ത് ലക്ഷത്തിന് മുകളില്‍ വരെ മൂന്നാര്‍ ടൗണില്‍ വിലയുണ്ട്. പത്ത് സെന്റ് വസ്തു കൈയേറിയ വ്യക്തി ഒരു കോടി രൂപയുടെ മൂല്യമുള്ള വസ്തുവാണ് കൈയേറിയത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.
മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചും പത്തും സെന്റ് കൈയേറിയവരുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഏകീകരിക്കാന്‍ ശ്രമം നടന്നിട്ടില്ല. മൂന്നാര്‍ ടൗണില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം കൈയേറിയ വസ്തുവിനെക്കുറിച്ചും പരാമര്‍ശമില്ല. ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കും.
















