കൊട്ടാരക്കര: മിനിസിവില്‍സ്റ്റേഷന്റെ ആദ്യഘട്ട ഉദ്ഘാടനം ജൂണില്‍ നടക്കാന്‍ സാധ്യത. അവസാന ഘട്ടപണികള്‍ പൂര്‍ത്തീകരിക്കാനുള്ള ജോലികള്‍ തകൃതിയായി നടന്നുവരികയാണ്. പ്ലംമ്പിങ്, വയറിങ്, ഫ്‌ളോറിങ്, പെയിന്റിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വിഎസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഇതിന് തറക്കല്ലിടുന്നത്. 9.41 കോടി രൂപയായിരുന്നു അടങ്കല്‍ തുക. നിര്‍മാണജോലികള്‍ ആരംഭിച്ചെങ്കിലും പണം അനുവദിക്കാത്തത് മൂലം പണി തടസപ്പെട്ടു. കരാറുകാരന്‍ തനിക്ക് ലഭിക്കാനുള്ള തുകക്കായി ഹൈക്കോടതിയെ സമീപിച്ചതോടെ സിവില്‍സ്റ്റേഷന്‍ നിയമ കുരുക്കിലുമായി. രണ്ട് കോടിയോളം രൂപയുടെ കുടിശിക തുക ലഭിക്കാനും കരാര്‍ തുക അധീകരിച്ച് കിട്ടുന്നതിനുമാണ് കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കുടിശികവന്ന തുക അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തുകയില്‍ വര്‍ദ്ധനവ് അനുവദിച്ചില്ല.
സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തോടൊപ്പം നൂതനആശയമായി കൂറ്റന്‍ മഴവെള്ള സംഭരണിയും ഇവിടെ പൂര്‍ത്തിയായി വരുന്നു. മൂന്നുലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന സംഭരണിയാണിത്. സിവില്‍സ്റ്റേഷന് മുന്നിലെ രണ്ട് മതിലുകള്‍ക്കിടയിലാണ് സംഭരണി പൂര്‍ത്തിയായിവരുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ കഴിയുംവിധവും അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോഴും അടിയന്തര ഘട്ടങ്ങളിലും ഫയര്‍ഫോഴ്‌സിനും മറ്റും വെള്ളം ശേഖരിക്കാന്‍ കഴിയുംവിധം ദേശീയപാതയ്‌ക്ക് അരികിലാണ് ഇതിന്റെ നിര്‍മ്മാണം.
പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.കെ.ബാബുവാണ് ഈ നൂതന ആശയത്തിന് പിന്നില്‍. നൂറിലധികം സര്‍ക്കാര്‍ ഓഫീസുകളാണ് ഇപ്പോള്‍ കൊട്ടാരക്കരയില്‍ ഉള്ളത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്കുവേണ്ടി മാസംതോറും ലക്ഷകണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ടൗണിലെ പല ഭാഗങ്ങളിലായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പല ഓഫീസുകളിലും കയറിയിറങ്ങേണ്ടുന്ന അവസ്ഥയിലായിരുന്ന ജനങ്ങള്‍ക്ക് ഇതിനെല്ലാം പരിഹാരമെന്ന നിലയ്‌ക്കാണ് മിനിസിവില്‍സ്റ്റേഷന്‍ എന്ന ആശയം ഉടലെടുത്തത്. എറണാകുളം ആസ്ഥാനമായുള്ള ടി.എ സേവ്യര്‍ ആന്റ് സണ്‍സ് എന്ന നിര്‍മ്മാണ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍.
















