ചേര്‍ത്തല: ഇട്ടി അച്യുതന്റെ ജന്മഗൃഹം കാലപ്പഴക്കത്താല്‍ നിലംപൊത്തി. ഹോര്‍ത്തൂസ് മലബാറിക്കൂസ് ഗ്രന്ഥത്തിന്റെ മുഖ്യരചയിതാവ് ഇട്ടി അച്യുതന് വൈദ്യരുടെ 350 വര്‍ഷത്തോളം പഴക്കമുള്ള വീടാണ് തകര്‍ന്നുവീണത്.
കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് കുടകുത്താംപറമ്പ് വീട് പഴക്കം ചെന്ന് ജീര്‍ണാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നു വീഴുകയായിരുന്നു. വൈദ്യരുടെ പിന്തലമുറക്കാരില് ഒരാളായ വി. സോമനാ(70)ണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. വൈദ്യര് മരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന നാരായം, കരണ്ടി ക്കോല്‍, താളിയോല പെട്ടി, ഇടിയന് കല്ല് തുടങ്ങിയവ ഇപ്പോഴും ഇവിടെയുണ്ട്.
കൊച്ചി രാജാവ് നല്കിയ വീരാളിപട്ടും വളയും സൂക്ഷിച്ചിട്ടുണ്ട്. വൈദ്യരുടെ ജന്മഗൃഹം ഏറ്റെടുക്കുന്നതിന് നേരത്തെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമെന്ന ധാരണയിലാണ് പഴയ വീട് പൊളിക്കാതിരുന്നതെന്ന് സോമന് പറഞ്ഞു. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മറ്റൊരു വീട്ടിലാണ് സോമനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അറയും നിരയുമുള്ള ഓടിട്ട പഴയ വീടിന്റെ അറയില്‍ ഓട്ടുരുളികളും ഭരണികളും മറ്റുമുണ്ട്.
മേല്‍ക്കൂര ദ്രവിച്ചാണ് കെട്ടിടം തകര്‍ന്നത്. വൈദ്യരുടെ ജന്മഗൃഹത്തില്‍ നിന്ന് അരകിലോമീറ്ററോളം അകലെയാണ് കുര്യാല സ്ഥിതി ചെയ്യുന്നത്. വൈദ്യരുടെ കുര്യാല ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ആറ് വര്‍ഷം മുമ്പ് റവന്യു വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പാതി വഴിയില്‍ നിലച്ചു. കടക്കരപ്പള്ളി ഗവ. എല്‍പി സ്കൂളിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കുര്യാല സംരക്ഷിക്കുന്നത്.
















