കോഴിക്കോട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ ദുരിതക്കയത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്നുമാസത്തെ പെന്‍ഷനാണ് കുടിശ്ശികയായത്. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് 39000ത്തോളം പെന്‍ഷന്‍കാര്‍.
എല്ലാ മാസവും ഒന്നാം തീയതിയാണ് പെന്ഷന് നല്‍കേണ്ടത്. എന്നാല്‍ മെയ് ആറാം തിയതിയിലേക്ക് കടന്നിട്ടും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്ഷന് നല്‍കിയിട്ടില്ല. മാര്‍ച്ച് 23 നാണ് അവസാനമായി പെന്ഷന് നല്‍കിയത്. അതാകട്ടെ ഫെബ്രുവരിയിലെ പെന്‍ഷനും. ഒരു മാസത്തെ പെന്ഷന് 60 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. പകുതി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി നീക്കിവെച്ചിട്ടുണ്ട്.
ബാക്കി തുക കെഎസ്ആര്‍ടിസി കണ്ടെത്തണം. ഇതില്‍ പത്തു ശതമാനം കളക്ഷനില്‍ നിന്ന് പെന്‍ഷനുവേണ്ടി മാറ്റിവെക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. 8000 രൂപ മുതല്‍ 45,000 രൂപ വരെയാണ് വിവിധ തസ്തികകളില്‍ ജോലി ചെയ്തവര്‍ക്കായി നല്‍കുന്നത്. ഇത് കൂടാതെ 3000 രൂപ മുതല്‍ പെന്ഷന് ലഭിക്കുന്ന എക്സ്ഗ്രേഷ്യാ പെന്‍ഷന്‍കാരും ഉണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു മാസത്തെ പെന്ഷന് കുടിശ്ശികയായപ്പോള്‍ സമരത്തിന് മുന്നിട്ടിറങ്ങുകയും നേതൃത്വം നല്‍കുകയും ചെയ്തവര്‍ ഭരിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഈ ദുരിതമെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. വിഷുവും ഈസ്റ്ററുമെല്ലാം ഒരുവിധം കഴിച്ചു കൂട്ടുകയായിരുന്നു.
പെന്ഷന് കുടിശ്ശികയായതോടെ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം 26 ദിവസം പിന്നിട്ടു. കെഎസ്ആര്‍ടിസിയുടെ ജില്ലാ ഓഫീസുകള്‍ക്ക് മുമ്പിലാണ് സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ് ഒമ്പതിന് തിരുവനന്തപുരത്തെ ട്രാന്‍സ്പോര്‍ട്ട് ഭവന് ഉപരോധിക്കാനാണ് പെന്‍ഷന്‍കാരുടെ തീരുമാനം.
















