കണ്ണൂര്‍: ജില്ല പ്ലാസ്റ്റിക് കാരി ബാഗ്-ഡിസ്‌പോസബ്ള്‍സ് വിമുക്തമായി പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും അവയുടെ വില്‍പ്പനയും ഉപയോഗവും തുടരുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വരുന്നു. കാരിബാഗ് നിരോധനം ഗ്രാമപ്രദേശങ്ങള്‍ പദ്ധതി ഏറ്റെടുത്തപ്പോള്‍ നഗരപ്രദേശങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ജില്ലാ ആസൂത്രണ സമിതി യോഗത്തെ അറിയിച്ചു. അഞ്ചുമാസം നീണ്ട ബോധവത്കരണം നടത്തിയിട്ടും ഇപ്പോഴും സ്വകാര്യ പരിപാടികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന ചില പരിപാടികളിലും പ്ലാസ്റ്റിക് ബൊക്കെകളും ഡിസ്‌പോസബ്ള്‍ വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് വില്‍പ്പന കര്‍ശനമായി തടയാന്‍ ജില്ലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കും. ഒരു ജനപ്രതിനിധി, ശുചിത്വമിഷന്‍ അംഗം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടാകും. നഗരസഭ പരിധികളിലാണ് പരിശോധന കര്‍ശനമാക്കുക.
ഏപ്രില്‍ 2 മുതല്‍ നിരോധനം നടപ്പാക്കിയ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് വ്യാപാരികള്‍ക്ക് നല്‍കില്ല. 8 മുതല്‍ സംഘം പരിശോധന ആരംഭിക്കും. പരിശോധന നടത്തി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കണ്ടെത്തുകയാണെങ്കില്‍ തത്സമയം പിഴ ഈടാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ മെയ് 20 നകം ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കും. രണ്ടാംതവണ നടത്തുന്ന പരിശോധനയിലും പിടിക്കപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമുണ്ട്. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
















