കോട്ടയം: കേരളാ കോണ്‍ഗ്രസ് എം നേതാക്കളായ കെ.എം. മാണിക്കും ജോസ് കെ. മാണി എംപിക്കും എതിരെ കോണ്‍ഗ്രസ് പ്രമേയം. ഇരുവരും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസിനോട് കാണിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
42 വര്‍ഷം കേരള കോണ്‍ഗ്രസിനുവേണ്ടി വിയര്‍പ്പൊഴുക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച ജോസ് കെ. മാണിയുടെ നടപടി നന്ദികേടാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും, എംഎല്‍എമാരും അംഗീകരിക്കാത്ത പ്രവൃത്തിയെ ന്യായീകരിക്കാന്‍ ഡിസിസിയെ കുറ്റപ്പെടുത്തുന്ന കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും നീക്കം വിലപ്പോവില്ലെന്ന മുന്നറിയിപ്പും പ്രമേയം നല്‍കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിലാണ് നേതൃയോഗം നടന്നത്.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ് എന്നിവര്‍ കെ. എം. മാണിയെ അതിരൂക്ഷമായി വിമര്‍ശിച്ചു. ജില്ലയിലെ ബഹുഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിയില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ അഭിപ്രായം.
















